ലിവര്‍പൂളിന്‍റെ മുന്നേറ്റ താരം മുഹമ്മദ് സലക്ക് കൊവിഡ് 19 സ്ഥിരീകരിച്ചത് സഹോദരന്‍റെ വിവാഹത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്നെന്ന് സംശയം. അന്തര്‍ദേശീയ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. സ്വദേശമായ ഈജിപ്‌തില്‍ വെച്ചാണ് സലക്ക് കൊവിഡ് സ്ഥിരീകരിച്ചത്. അന്താരാഷ്‌ട്ര മത്സരങ്ങളില്‍ ഈജിപ്‌തിനെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നതിന്‍റെ ഭാഗമായാണ് സല നാട്ടിലെത്തിയത്. വെള്ളിയാഴ്‌ച നടന്ന ആഫ്രിക്കന്‍ നേഷന്‍സ് കപ്പിന്‍റെ യോഗ്യത മത്സരത്തില്‍ പങ്കെടുക്കുകയായിരുന്നു സാലയുടെ ഉദ്ദേശം. നാട്ടിലെത്തിയ അദ്ദേഹം ഈജിപ്‌ഷ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍റെ പുരസ്‌കാരദാന ചടങ്ങിലും പങ്കെടുത്തിരുന്നു. കൊവിഡ് സ്ഥിരീകരിച്ച സലക്ക് നേരിയ രോഗലക്ഷണങ്ങളുള്ളതായാണ് പുറത്തുവരുന്ന വിവരം.
കൊവിഡ് സ്ഥിരീകരിച്ച സല സ്വയം ഐസൊലേഷനില്‍ പ്രവേശിച്ചിരിക്കുകയാണ്. ഒരാഴ്‌ചത്തെ ഐസൊലേഷന് ശേഷം രോഗമുക്തനാവുകയാണെങ്കില്‍ ഇംഗ്ലണ്ടിലേക്ക് തിരിച്ച് പോകാനാകും. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗല്‍ നിലവിലെ ചാമ്പ്യന്‍മാരായ ലിവര്‍പൂളിന്‍റെ രണ്ട് മത്സരങ്ങള്‍ സലക്ക് നഷ്‌ടമാകും. തിങ്കളാഴ്‌ച പുലര്‍ച്ചെ നടക്കാനിരിക്കുന്ന ലെസ്‌റ്റര്‍ സിറ്റിക്ക് എതിരായ മത്സരം ഉള്‍പ്പെടെയാണ് സലക്ക് നഷ്‌ടമാവുക.
പ്രീമിയര്‍ ലീഗിന്‍റെ ഭാഗമാകുന്ന ആദ്യ ഈജിപ്‌ഷ്യന്‍ താരമാണ് മുഹമ്മദ് സല. 2017ലാണ്‍ സല ആന്‍ഫീല്‍ഡില്‍ എത്തുന്നത്. 165 മത്സരങ്ങളില്‍ നിന്നായി 104 ഗോളുകളാണ സലയുടെ പേരിലുള്ളത്.