ലണ്ടന്‍: പ്രീമിയർ ലീഗില്‍ ആസ്റ്റണ്‍ വില്ലയുടെ വല നിറച്ച് മുന്‍ ചാമ്പ്യന്‍മാരായ ലസ്റ്റർ സിറ്റി. ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ആസ്റ്റണ്‍ വില്ലയെ ഏകപക്ഷീയമായ നാല് ഗോളുകൾക്കാണ് ലസ്റ്റർ പരാജയപ്പെടുത്തിയത്. ലസ്റ്ററിന് വേണ്ടി ഹാർവി ബേണ്‍സ്, ജാമി വാർഡിയും ഇരട്ട ഗോൾ നേടി.
ആദ്യ പകുതിയിലെ 40-ാം മിനിട്ടില്‍ ഹാർവി ബേണ്‍സാണ് ലസ്റ്ററിന്‍റെ ആദ്യ ഗോൾ നേടി. പിന്നാലെ നിശ്ചിത സമയത്ത് കളി അവസാനിക്കാന്‍ അഞ്ച് മിനിട്ട് മാത്രം ശേഷിക്കെ ബേണ്‍സ് രണ്ടാമത്തെ ഗോൾ സ്വന്തമാക്കി. 63-ാം മിനിട്ടില്‍ പെനാല്‍ട്ടിയിലൂടെയാണ് ജാമി വാർഡി ആദ്യ ഗോൾ സ്വന്തമാക്കിയത്. കെലേച്ചി ഇഹിയനാച്ചോയെക്ക് പകരക്കാരനായി 59-ാം മിനിട്ടിലാണ് വാർഡിക്ക് അവസരം ലഭിച്ചത്. അത് വാർഡി മുതലാക്കുകയും ചെയ്‌തു. 79-ാം മിനിട്ടില്‍ വാർഡി വീണ്ടും ആസ്റ്റണ്‍ വില്ലയുടെ വല ചലിപ്പിച്ചു.
ജയത്തോടെ പ്രീമിയർ ലീഗിലെ പൊയിന്‍റ് പട്ടികയില്‍ 53 പോയിന്‍റുമായി ലസ്റ്റർ സിറ്റി മൂന്നാം സ്ഥാനത്ത് തുടരുകയാണ്. 82 പോയിന്‍റുള്ള ലിവർപൂളാണ് ഒന്നാമത്. അതേസമയം 28 മത്സരങ്ങളില്‍ നിന്നും 25 പോയിന്‍റുള്ള ആസ്റ്റണ്‍ വില്ല 19-ാം സ്ഥാനത്താണ്. ലസ്റ്റർ സിറ്റി ലീഗിലെ അടുത്ത മത്സരത്തില്‍ വാറ്റ്ഫോർഡിനെ നേരിടും. ലീഗലെ അടുത്ത മത്സരത്തില്‍ ആസ്റ്റണ്‍വില്ലക്ക് എതിരാളികളായി എത്തുക ചെല്‍സിയാണ്. മാർച്ച് 14-നാണ് ഇരു മത്സരങ്ങളും.