മാഡ്രിഡ്: സ്‌പാനിഷ് ലാലിഗയില്‍ ജൂണ്‍ ഒന്ന് മുതല്‍ സാധാരണ നിലയില്‍ പരിശീലനം പുനരാരംഭിക്കും. കൊവിഡ് 19 കാരണം മാർച്ച് മാസം മുതല്‍ സ്തംഭിച്ച ലീഗ് പുനരാരംഭിക്കുന്നതിന്‍റെ മുന്നോടിയായാണ് പരിശീലനം പുനരാരംഭിച്ചിരിക്കുന്നത്. സ്‌പാനിഷ് ഹൈ സ്‌പോർട്സ് കൗണ്‍സില്‍ രൂപീകരിച്ച ട്രെയിനിങ് പ്രോട്ടോക്കോൾ പ്രകാരമാണ് പരിശീലന പരിപാടികൾ നടക്കുക. നാല് ഘട്ടമായാണ് ഇതുവരെ പരിശീലന പരിപാടികൾ നടന്നത്. ഒന്നാം ഘട്ടം മെയ് ആദ്യവാരം ആരംഭിച്ചു. നിലവില്‍ നടക്കാനിരിക്കുന്നത് നാലം ഘട്ട പരിശീലന പരിപാടികളാണ്. 14 അംഗ സംഘങ്ങളായാണ് നാലാം ഘട്ടത്തില്‍ ക്ലബുകൾ പരിശീലന പരിപാടി സംഘടിപ്പിക്കുക.
അതേസമയം ലീഗിലെ മത്സരങ്ങൾ ജൂണ്‍ 11 മുതല്‍ പുനരാരംഭിക്കും. കൊവിഡ് 19 കാരണം ലാലിഗ മാർച്ചില്‍ നിർത്തിവെക്കുമ്പോൾ ബാഴ്‌സലോണയായിരുന്നു പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. രണ്ട് പോയിന്‍റിന്‍റെ വ്യത്യാസത്തില്‍ ചിരവൈരികളായ റയല്‍ മാഡ്രിഡ് രണ്ടാം സ്ഥാനത്താണ്.