മാഡ്രിഡ്: ഇംഗ്ലീഷ് പ്രീമിയർ ലീഗിന് പിന്നാലെ സ്‌പാനിഷ് ലാ ലിഗയിലും വില്ലനായി കൊവിഡ്. റയൽ മാഡ്രിഡിലെ താരങ്ങൾക്കും സ്റ്റാഫിനുമാണ് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചിട്ടുള്ള ഏഴുപേരും സ്‌പാനിഷ് ഗവൺമെന്‍റിന്‍റെ പ്രോട്ടോക്കോൾ അനുസരിച്ച് പരിശോധനാഫലം നെഗറ്റീവ് ആകുന്നതുവരെ ക്വാറന്‍റൈനിൽ കഴിയും.
നേരത്തെ ബുധനാഴ്‌ച നടത്തിയ പരിശോധനയിൽ റയലിലെ ലൂക്ക മോഡ്രിച്ചിനും, മാഴ്‌സെലോക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നാലെ നടത്തിയ പരിശോധനയിലാണ് മാർക്കൊ അസെൻസിയോ, ഗാരെത് ബെയ്‌ൽ, ആന്ദ്രെ ലൂനിൻ, റാഡ്രിഗോ എന്നീ താരങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചത്. ഇവരെ കൂടാതെ ടീമിന്‍റെ ഫസ്റ്റ് അസിസ്റ്റന്‍റ് മാനേജർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ALSO READ: PREMIER LEAGUE : പ്രിമിയർ ലീഗിൽ പിടിമുറുക്കി കൊവിഡ്; ലുക്കാക്കുവിനും മൂന്ന് താരങ്ങൾക്കും രോഗം
അതേസമയം പ്രീമിയർ ലീഗിൽ കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നത് മത്സരങ്ങളുടെ മുന്നോട്ട് പോക്കുതന്നെ അനിശ്ചിതത്വത്തിലാക്കുന്ന തരത്തിലാണ്. കഴിഞ്ഞ തിങ്കളാഴ്‌ച നടത്തിയ പരിശോധനയിൽ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ടോട്ടനം ഹോട്സ്പെർ, ലെസ്റ്റര്‍ സിറ്റി, ബ്രൈട്ടന്‍, ആസ്റ്റന്‍ വില്ല ടീമുകളിലെ താരങ്ങളും അധികൃതരും ഉൾപ്പെടെ 42 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
ഏറ്റവുമൊടുവിൽ നടത്തിയ പരിശോധനയിൽ ചെൽസിയുടെ താരങ്ങളായ റൊമേലു ലുക്കാക്കു, തിമോ വെർണർ, ക്യാലം ഹഡ്‌സണ്‍ ഒഡോയ്, ബെൻ ചിൽവെൽ എന്നിവർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനിടെ ഒമിക്രോണും പിടിമുറുക്കുന്ന സാഹചര്യത്തിൽ പ്രീമിയർ ലീഗ് മാറ്റിവെയ്‌ക്കുമെന്ന തരത്തിലും റിപ്പോർട്ടുകൾ വരുന്നുണ്ട്.