മാഡ്രിഡ്: സ്‌പാനിഷ് ലാലിഗയില്‍ (La Liga) റയല്‍ മാഡ്രിഡ് കുതിപ്പ് തുടരുന്നു. അത്‌ലറ്റിക്കോ ബില്‍ബാവോയെ തകര്‍ത്ത സംഘം ലീഗിലെ ഒന്നാം സ്ഥാനം കൂടുതല്‍ സുരക്ഷിതമാക്കി. മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് റയല്‍ ജയിച്ചത്.
ഫ്രഞ്ച് സ്ട്രൈക്കര്‍ കരീം ബെന്‍സിമയാണ് റയലിന്‍റെ പട്ടികയിലെ രണ്ട് ഗോളുകളും നേടിയത്. നാല്, ഏഴ് മിനിട്ടുകളിലായിരുന്നു ബെന്‍സിമയുടെ ഗോള്‍ നേട്ടം. ആദ്യ ഗോള്‍ നേട്ടത്തോടെ പ്രൊഫഷണല്‍ കരിയറില്‍ 400 ഗോളുകളെന്ന നിര്‍ണായക നാഴിക കല്ല് പിന്നിടാന്‍ ബെന്‍സിമയ്‌ക്കായി.
പത്താം മിനിട്ടില്‍ സാൻസെറ്റാണ് ബില്‍ബാവോയ്‌ക്കായി ലക്ഷ്യം കണ്ടത്. തുടര്‍ച്ചയായ അഞ്ച് ക്ലീൻ ഷീറ്റുകൾക്ക് ശേഷം റയൽ വഴങ്ങുന്ന ആദ്യ ഗോളായിരുന്നു ഇത്.
വിജയത്തോടെ പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനക്കാരായ സെവിയ്യയുമായുള്ള വ്യത്യാസം എട്ടാക്കി മാറ്റാന്‍ റയലിനായി. നിലവില്‍ 19 മത്സരങ്ങളില്‍ നിന്നും 46 പോയിന്‍റാണ് റയലിനുള്ളത്. 14 മത്സരങ്ങളില്‍ വിജയിച്ച മാഡ്രിഡ് സംഘം നാല് മത്സരങ്ങളില്‍ സമനിലയും ഒരു മത്സരത്തില്‍ തോല്‍വിയും വഴങ്ങി.
also read: കറബാവോ കപ്പ്: ആഴ്‌ണൽ, ലിവർപൂൾ, ചെൽസി, ടോട്ടൻഹാം സെമിയില്‍
രണ്ടാമതുള്ള സെവിയ്യക്ക് 18 മത്സരങ്ങളില്‍ നിന്നും 38 പോയിന്‍റാണുള്ളത്. അതേസമയം 19 മത്സരങ്ങളില്‍ 24 പോയിന്‍റുള്ള ബില്‍ബാവോ 10ാം സ്ഥാനത്താണ്. അഞ്ച് വിജയങ്ങളോടൊപ്പം ഒമ്പത് സമനിലയുമാണ് അഞ്ച് തോല്‍വിയുമാണ് സംഘത്തിന്‍റെ പട്ടികയിലുള്ളത്.
കൊവിഡ് വലച്ച ടീമില്‍ നിന്നും നിരവധി പ്രമുഖരെ പുറത്തിരിത്തിയാണ് റയല്‍ ബില്‍ബാവോയ്‌ക്കെതിരെ കളത്തിലിറങ്ങിയിരുന്നത്. ലൂക്കാ മോഡ്രിച്ച്, റോഡ്രിഗോ, മാര്‍കോ അസെന്‍സിയോ, ഗാരത് ബെയ്ല്‍, ഡേവിഡ് അലാബ, ഇസ്‌കോ തുടങ്ങിയ താരങ്ങള്‍ക്കാണ് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നത്.