മാഡ്രിഡ്: സ്‌പാനിഷ് ലാ ലിഗയില്‍ ബാഴ്‌സലോണയുടെ കഷ്‌ടകാലം തുടരുന്നു. ഇന്ന് പുലര്‍ച്ചെ നടന്ന മത്സത്തില്‍ സെവിയ്യക്കെതിരെ ബാഴ്‌സക്ക് സമനില. ഓരോ ഗോളുകള്‍ വീതം നേടിയാണ് ഇരുസംഘവും സമനിലയില്‍ പിരിഞ്ഞത്. മത്സരത്തിന്‍റെ ആദ്യ പകുതിയിലാണ് ഇരു ഗോളുകളും പിറന്നത്.
32ാം മിനിട്ടില്‍ പാപു ഗോമസ് സെവിയ്യയെ മുന്നിലെത്തിച്ചപ്പോള്‍ 45ാം മിനിട്ടില്‍ റൊണാൾഡ് അറൗജോയിലൂടെ ബാഴ്‌സ ഒപ്പം പിടിച്ചു. ഒസ്മാൻ ഡെംബെലെയുടെ കോർണർ കിക്കില്‍ നിന്നാണ് അറൗജോ ലക്ഷ്യം കണ്ടത്. 64ാം മിനിട്ടില്‍ പ്രതിരോധ താരം ജൂൾസ് കൗണ്ടെ ചുവപ്പ് കണ്ട് പുറത്ത് പോയതോടെ 10 പേരുമായാണ് സെവിയ്യ മത്സരം പൂര്‍ത്തിയാക്കിയത്.
ബാഴ്‌സ പ്രതിരോധ താരം ജോർഡി ആൽബക്കെതിരായ ഫൗളിനാണ് കൗണ്ടെ ചുവപ്പ് കണ്ടത്. മത്സരത്തിന്‍റെ 59 ശതമാനം പന്ത് കൈവശം വെച്ച ബാഴ്‌സ ലക്ഷ്യത്തിലേക്ക് ഏഴ് ശ്രമങ്ങള്‍ നടത്തിയെങ്കിലും പരാജയപ്പെട്ടത് തിരിച്ചടിയായി. അതേസമയം ഒരു ശ്രമം മാത്രമാണ് സെവിയ്യക്ക് നടത്താനായത്.
also read:ഫുട്‌ബോൾ ലോകകപ്പ് രണ്ട് വർഷത്തില്‍: അധിക വരുമാനം ലക്ഷ്യമിട്ട് ഫിഫ, എതിർപ്പുമായി ക്ലബുകൾ
മത്സരം സമനിലയിലായതോടെ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡുമായുള്ള സെവിയ്യയുടെ പോയിന്‍റ് വ്യത്യാസം അഞ്ചായി. 18 മത്സരങ്ങളില്‍ 43 പോയിന്‍റാണ് ഒന്നാം സ്ഥാനക്കാരായ റയലിനുള്ളത്.
രണ്ടാം സ്ഥാനത്തുള്ള സെവിയ്യക്ക് 18 മത്സരങ്ങളില്‍ നിന്നും 38 പോയിന്‍റാണുള്ളത്. അതേസമയം ബാഴ്‌സ ഏഴാം സ്ഥാനത്തേക്ക് കയറി. 18 മത്സരങ്ങളില്‍ ഏഴ് വിജയമുള്ള സംഘത്തിന് 28 പോയിന്‍റാണുള്ളത്.