ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് കരുത്തര്‍ നേര്‍ക്കുനേര്‍ വരും. മുംബൈ സിറ്റി എഫ്‌സിയും ചെന്നൈയിന്‍ എഫ്‌സിയും തമ്മില്‍ രാത്രി 7.30ന് ഗോവയിലെ ബംബോളിം സ്റ്റേഡിയത്തിലാണ് പോരാട്ടം. മൂന്ന് ജയവും ഒരു തോല്‍വിയുമായി പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരാണ് മുംബൈ. മറുഭാഗത്ത് മുന്‍ ചാമ്പ്യന്‍മാരായ ചെന്നൈയിന്‍ എഫ്‌സി നാല് പോയിന്‍റുമായി എട്ടാം സ്ഥാനത്താണ്.
സീസണില്‍ രണ്ട് ക്ലീന്‍ ഷീറ്റുകള്‍ സ്വന്തമാക്കാന്‍ സാധിച്ച ചെന്നൈയിന്‍ ഇതിനകം കരുത്ത് തെളിയിച്ച് കഴിഞ്ഞു. മുന്നേറ്റത്തിന്‍റെ പോരായ്‌മകള്‍ കൂടി പരിഹരിച്ചാല്‍ ലീഗിലെ ഈ സീസണില്‍ ഏറെ മുന്നേറാമെന്ന കണക്കുകൂട്ടലിലാണ് ചെന്നൈയിന്‍റെ പരിശീലകന്‍ ക്‌സാബ ലാസ്‌ലോ.
മറുഭാഗത്ത് കഴിഞ്ഞ സീസണില്‍ ഗോള്‍ വേട്ടയില്‍ ഒന്നാമതുണ്ടായ ഓഗ്‌ബെച്ചെയുടെ നേതൃത്വത്തല്‍ ഇത്തവണ മുംബൈ സിറ്റി എഫ്‌സി കുതിപ്പ് തുടരുകയാണ്. കേരളാ ബ്ലാസ്റ്റേഴ്‌സില്‍ നിന്നാണ് ബര്‍ത്തോമ്യൂ ഓഗ്‌ബെച്ചെ മുംബൈയുടെ തട്ടകത്തില്‍ എത്തിയിരിക്കുന്നത്. അവസാന മത്സരത്തില്‍ ഓഗ്‌ബെച്ചെയുടെയും ബോര്‍ജസിന്‍റെയും ഗോളില്‍ ഒഡീഷ എഫ്‌സിക്ക് എതിരെ മറുപടിയില്ലാത്ത രണ്ട് ഗോളിന്‍റെ ജയം സ്വന്തമാക്കിയാണ് മുംബൈ ചെന്നൈയിനെ നേരിടാന്‍ എത്തുന്നത്. ഇന്ന് നടക്കുന്ന മത്സരത്തില്‍ ജയിച്ച് പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താനാകും മുംബൈയുടെ നീക്കം.
കടലാസിലെ കണക്കുകളില്‍ ചെന്നൈയിനാണ് മുന്നില്‍. ഇരു ടീമുകളും 12 തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ ആറ് തവണ ചെന്നൈയിനും നാല് തവണ മുംബൈയും വിജയിച്ചു. രണ്ട് മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചു. മത്സരം സ്റ്റാര്‍ നെറ്റ് വര്‍ക്കിലും ഡിസ്‌നി+ഹോട്ട്സ്‌റ്റാറിലും തത്സമയം കാണാം.