പനാജി : ഐഎസ്എല്ലില്‍ മുംബൈ സിറ്റിക്കെതിരേ കേരള ബ്ലാസ്‌റ്റേഴ്‌സിന് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് നിലവിലെ ചാമ്പ്യന്മാരെ ബ്ലാസ്‌റ്റേഴ്‌സ് തകര്‍ത്ത് വിട്ടത്. കൊമ്പന്മാരുടെ ആക്രമണ ഫുട്‌ബോളിന് മുന്നിലാണ് മുംബൈക്ക് അടിപതറിയത്.
സഹല്‍ അബ്ദുള്‍ സമദ്, സ്പാനിഷ് താരം അൽവാരോ വാസ്‌കസ് , അർജന്‍റീനന്‍ താരം ഹോർഗേ പെരേര ഡയാസ് എന്നിവരാണ് ബ്ലാസ്‌റ്റേഴ്‌സിനായി ലക്ഷ്യം കണ്ടത്.
മത്സരത്തിന്‍റെ 27ാം മിനിറ്റില്‍ സഹല്‍ അബ്ദുള്‍ സമദിലൂടെയാണ് കൊമ്പന്മാര്‍ ആദ്യം വലകുലുക്കിയത്. ജോര്‍ജ് ഡയാസ് ബോക്‌സില്‍ നിന്നും നല്‍കിയ പന്ത് മാര്‍ക്ക് ചെയ്യപ്പെടാതിരുന്ന സഹല്‍ തകര്‍പ്പന്‍ വോളിയിലൂടെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.
തുടര്‍ന്ന് 47ാം മിനിട്ടില്‍ അൽവാരോ വാസ്‌കസ് ലീഡുയര്‍ത്തി. ജീക്‌സണ്‍ സിങ്ങിന്‍റെ പാസില്‍ മിന്നുന്ന ഒരു വോളിയിലൂടെയാണ് സ്പാനിഷ് താരത്തിന്‍റെ ഗോള്‍ നേട്ടം.
51ാം മിനിട്ടില്‍ പെനാല്‍റ്റിയിലൂടെയാണ് ബ്ലാസ്‌റ്റേഴ്‌സ് മൂന്നാം ഗോള്‍ നേടിയത്. ഡയാസിനെ മുര്‍ത്താത ഫാള്‍ ബോക്‌സില്‍ വീഴ്ത്തിയതിനായിരുന്നു പെനാല്‍റ്റി ലഭിച്ചത്. കിക്കെടുത്ത ഡയാസിന് പിഴച്ചില്ല.
അതേസമയം നേരത്തെ മഞ്ഞക്കാര്‍ഡ് നേടിയ മുര്‍ത്താത ഈ ഫൗളിന് രണ്ടാം മഞ്ഞക്കാര്‍ഡും കണ്ടതോടെ മാര്‍ച്ചിങ് ഓര്‍ഡര്‍ ലഭിച്ചത് മുംബൈക്ക് തിരിച്ചടിയായി. ബാക്കിയുള്ള 40 മിനിട്ട് സമയം 10 പേരുമായാണ് മുംബൈ മത്സരം പൂര്‍ത്തിയാക്കിയത്.
രണ്ടാം പകുതിയിൽ ലഭിച്ച അവസരങ്ങളും ലക്ഷ്യത്തിലെത്തിക്കാനായിരുന്നെങ്കില്‍ ബ്ലാസ്‌റ്റേഴ്‌സിന്‍റെ വിജയ മാര്‍ജിന്‍ ഇനിയും ഉയര്‍ന്നേനെ. ജയത്തോടെ പോയിന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തെത്താന്‍ ബ്ലാസ്‌റ്റേഴ്‌സിനായി. അറ് മത്സരങ്ങളില്‍ രണ്ട് വിജയവും മൂന്ന് സമനിലയും ഒരു തോല്‍വിയുമുള്ള സംഘത്തിന് ഒമ്പത് പോയിന്‍റാണുള്ളത്.
മത്സരത്തില്‍ തോല്‍വി വഴങ്ങിയെങ്കിലും മുംബൈ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ഏഴ് കളികളില്‍ അഞ്ച് വിജയവും രണ്ട് തോല്‍വിയുമടക്കം 15 പോയിന്‍റാണ് ടീമിനുള്ളത്.