പനാജി: ഐഎസ്‌എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ്-എഫ്‌സി ഗോവ മത്സരം സമനിലയില്‍. രണ്ട് വീതം ഗോളുകള്‍ വീതം നേടിയാണ് ഇരു സംഘവും സമനിലയില്‍ പിരിഞ്ഞത്. ബ്ലാസ്‌റ്റേഴ്‌സിനായി ജീക്‌സണ്‍ സിങ്ങും അഡ്രിയാന്‍ ലൂണയും ലക്ഷ്യം കണ്ടപ്പോള്‍ ഗോവയ്‌ക്കായി ഓര്‍ട്ടിസ് മെന്‍ഡോസയും എഡു ബേഡിയയും ഗോളടിച്ചു.
മത്സരത്തിന്‍റെ ആദ്യ പകുതിയിലാണ് നാല് ഗോളുകളും പിറന്നത്. രണ്ട് ഗോളിന് മുന്നിട്ട് നിന്നതിന് പിന്നാലെയാണ് ബ്ലാസ്‌റ്റേഴ്‌സ് സമനില വഴങ്ങിയത്. 10ാം മിനിട്ടില്‍ ജീക്‌സണ്‍ സിങ്ങിലൂടെയാണ് ബ്ലാസ്റ്റേഴ്‌സ് ആദ്യ ഗോള്‍ നേടിയത്. അഡ്രിയാന്‍ ലൂണയുടെ കോര്‍ണര്‍ കിക്കില്‍ ലഭിച്ച പന്ത് താരം ഹെഡ്ഡറിലൂടെ വലയിലെത്തിക്കുകയായിരുന്നു.
20ാം മിനിട്ടിലാണ് ലൂണയുടെ ഗോള്‍ നേട്ടം. താരത്തിന്‍റെ ഒരു തകര്‍പ്പന്‍ ലോങ് റേഞ്ചര്‍ പോസ്റ്റിലിടിച്ച് വലയില്‍ കയറുകയായിരുന്നു. എന്നാല്‍ നാലുമിനിട്ടിനുള്ളില്‍ ഗോവ തിരിച്ചടി തുടങ്ങി.
മെന്‍ഡോസയാണ് ഗോവയ്‌ക്കായി ആദ്യം ഗോള്‍ നേടിയത്. സാവിയര്‍ ഗാമയുടെ പാസിലാണ് താരത്തിന്‍റെ ഗോള്‍ നേട്ടം. തുടര്‍ന്ന് 38ാം മിനിട്ടില്‍ ഗോവ രണ്ടാം ഗോളും നേടി. കോര്‍ണര്‍ കിക്ക് നേരിട്ട് വലയിലെത്തിച്ചാണ് ബേഡിയ ഗോവയെ ഒപ്പമെത്തിച്ചത്. തുടര്‍ന്ന് ഇരു സംഘവും ആക്രമിച്ച് കളിച്ചെങ്കിലും ഗോള്‍ അകന്നു നിന്നു.
സമനിലയോടെ 9 മത്സരങ്ങളില്‍ നിന്നും 14 പോയിന്‍റുമായി ബ്ലാസ്‌റ്റേഴ്‌സ് മൂന്നാം സ്ഥാനത്തേക്ക് കയറി. ഒമ്പത് മത്സരങ്ങളില്‍ ഒമ്പത് പോയിന്‍റുള്ള ഗോവ ഒമ്പതാം സ്ഥാനത്താണ്.