വാസ്‌കോ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തിങ്കളാഴ്‌ച ചെന്നൈയിന്‍ എഫ്‌സി, ഹൈദരാബാദ് എഫ്‌സി പോരാട്ടം. ബംബോളിം സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. ലീഗില്‍ തുടര്‍ച്ചയായി മൂന്ന് മത്സരങ്ങളില്‍ പരാജയപ്പെട്ട ഹൈദരാബാദിന് ജയം അനിവാര്യമാണ്. മറുഭാഗത്ത് ചെന്നൈയിന്‍ എഫ്‌സി തുടര്‍ച്ചയായി നാല് മത്സരങ്ങളില്‍ പരാജയമറിയാതെ മന്നോട്ട് കുതിക്കുകയാണ്.
കഴിഞ്ഞ ഐഎസ്എല്‍ മത്സരത്തില്‍ എടികെ മോഹന്‍ബഗാനെ ഗോള്‍രഹിത സമനിലയില്‍ തളച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് ചെന്നൈയിന്‍ എഫ്‌സി. വിശാല്‍ കൈത്തിന്‍റെ സേവുകളാണ് ചെന്നൈയിന് തുണയായത്. അതേസമയം മൂര്‍ച്ച കുറഞ്ഞ ചെന്നൈയിന്‍റെ മുന്നേറ്റമാണ് ആശങ്കയുണ്ടാക്കുന്നത്. ലീഗില്‍ ഇതേവരെ കളിച്ച എട്ട് മത്സരങ്ങളില്‍ നിന്നും ഏഴ് ഗോളുകള്‍ മാത്രമാണ് ചെന്നൈയിനുള്ളത്. പരിശീലകന്‍ കസബ ലാസ്‌ലോയുടെ കീഴില്‍ ജയം തുടരാനാകുമെന്ന പ്രതീക്ഷയിലാണ് ചെന്നൈയിന്‍ ഇന്നിറങ്ങുന്നത്.
ഗോവക്കെതിരായ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ഹൈദരാബാദിന്‍റെ പരാജയം. ഗോള്‍ രഹിതമായ ആദ്യപകുതിക്ക് ശേഷമായിരുന്നു മൂന്ന് ഗോളുകളും പിറന്നത്. ലീഗിലെ ഗോള്‍ വേട്ടയില്‍ അഞ്ചാമതുള്ള അരിഡാനെ സാന്‍റയിലൂടെ ആദ്യ ഗോള്‍ സ്വന്തമാക്കിയ ഹൈദരാബാദിന് പക്ഷേ ലീഡ് നിലനിര്‍ത്താനായില്ല. അഞ്ച് മത്സരങ്ങളില്‍ നിന്നും അഞ്ച് ഗോളുകളുള്ള സാന്‍റ ഇത്തവണ 10 ഗോളുകള്‍ തികക്കുകയെന്ന ലക്ഷ്യത്തോടെയാകും ചെന്നൈയിനെ നേരിടാന്‍ ഇറങ്ങുക.
പരിശീലകന്‍ മാര്‍ക്വിസ് റോക്കയെ ആശങ്കയിലാക്കുന്നത് ഹൈദരാബാദിന്‍റെ സ്ഥിരതയില്ലായ്‌മയാണ്. ലീഗില്‍ തുടക്കത്തില്‍ മികച്ച കളി പുറത്തെടുത്ത ഹൈദരാബാദിന് കുതിപ്പ് തുടരാനായിട്ടില്ല. ആദ്യ മത്സരത്തില്‍ ഒഡീഷയെ പരാജയപ്പടുത്തിയ ഹൈദരാബാദ് തുടര്‍ന്നുള്ള മൂന്ന് മത്സരങ്ങളില്‍ സമനില സ്വന്തമാക്കി. പിന്നാലെ ഈസ്റ്റ് ബംഗാളിനെതിരെ ജയിച്ച ശേഷം മൂന്ന് മത്സരങ്ങളില്‍ തുടര്‍ തോല്‍വികള്‍ ഏറ്റുവാങ്ങി.