തെഹ്റാന്‍: നാളെ നടക്കുന്ന ഇറാൻ-കംബോഡിയ ലോകകപ്പ് യോഗ്യതാ മത്സരം നടക്കുന്ന ആസാദി സ്റ്റേഡിയം ചരിത്ര നിമിഷത്തിന് സാക്ഷിയാകും. പുരുഷാരവത്തിന് മാത്രം അധികാരമുള്ളിടത്ത് ഇനി പെണ്‍ ശബ്ദങ്ങള്‍ ഗ്യാലറിയില്‍ ആര്‍പ്പു വിളിക്കും. ഇതോടെ 40 വര്‍ഷമായി ഇറാന്‍ സ്ത്രീകള്‍ക്ക് ഫുട്ബോള്‍ സ്റ്റേഡിയത്തിലിരുന്ന് കളി കാണാനുള്ള വിലക്ക് നീങ്ങും.
അനുമതി ലഭിച്ചയുടനെ 3500 ടിക്കറ്റുകള്‍ വിറ്റു കഴിഞ്ഞു. ആദ്യഘട്ടത്തില്‍ 4600 ടിക്കറ്റുകളാണ് ഒരുക്കിയിരുന്നത്. പുരുഷന്‍മാരെ മാത്രം ഉള്‍പ്പെടുത്തുന്ന നയത്തില്‍ ഗള്‍ഫ് രാജ്യത്തെ സസ്പെന്‍ഡ് ചെയ്യുമെന്ന് ഫിഫ താക്കീത് നല്‍കിയതിനെത്തുടര്‍ന്നാണ് ചരിത്രപരമായ പുതിയ തീരുമാനം. അര്‍ധ വസ്ത്ര ധാരിയായ പുരുഷന്‍മാരെ കാണുന്നതില്‍ നിന്നും രക്ഷപ്പെടണമെന്നാണ് ഗള്‍ഫ് രാജ്യങ്ങള്‍ വാദിച്ചുകൊണ്ടിരുന്നത്. ആ തീരുമാനത്തോടുള്ള കടുത്ത എതിര്‍പ്പുള്ള സ്ത്രീ മനസാണ് ടിക്കറ്റ് വില്‍പ്പനയുടെ കണക്കില്‍ കാണുന്നത്. ടിക്കറ്റിന്‍റെ ആവശ്യം അനുസരിച്ച് അനുവദിക്കണമെന്നാണ് ഫിഫയുടെ അറിയിപ്പ്.
ഇറാന്‍ മാറി ചിന്തിക്കാന്‍ എടുത്തത് ഒന്നും രണ്ടുമല്ല 40 വര്‍ഷങ്ങളാണ്. അത് വെറുമൊരു അക്കമല്ല. അത്രയേറെ പോരാട്ടങ്ങള്‍ ഈ നേട്ടത്തിന് പിന്നിലുണ്ട്. കളി കാണാനുള്ള ആവേശത്തില്‍ ആള്‍മാറാട്ടം നടത്തി വരെ സ്ത്രീകള്‍ സ്റ്റേഡിയത്തില്‍ കടക്കാന്‍ ശ്രമിച്ചു. ഓരോ ശ്രമങ്ങളെയും അതിനേക്കാളേറെ ശക്തിയില്‍ ഭരണകൂടം തകര്‍ത്തുകൊണ്ടിരുന്നു.
അതിലേറ്റവും വേദനാ ജനകവും ആരും മറക്കാത്തതുമായ സംഭവമാണ് 'ബ്ലൂ ഗേളി'ന്‍റേത്. വേഷം മാറി കളി കാണാനെത്തിയ സഹര്‍ കൊദയാരി എന്ന ആരാധികയെ അധികൃതര്‍ പിടികൂടി. നിയമലംഘനം നടത്തിയെന്നാരോപിച്ച് കോടതിയില്‍ വിചാരണക്കെത്തിച്ച സഹര്‍ കൊദയാരി തീ കൊളുത്തി ആത്മഹത്യ ചെയ്തു. നീലപെണ്‍കുട്ടി എല്ലാ ഫുട്ബോള്‍ ആരാധകരുടേയും ഹൃദയത്തില്‍ നീറുന്ന വേദനയായി. പ്രതിഷേധത്തിന്‍റെ അലകള്‍ ലോകത്തെമ്പാടും ഉയര്‍ന്നു. ഇറാന്‍റെ ഇത്തരം നയങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധത്തില്‍ ഫിഫയുടെ ഇടപെടല്‍ അനിവാര്യമായിരുന്നു. ഫിഫയുടെ സമ്മര്‍ദത്തിന് മേല്‍ വഴങ്ങാതെ തരമില്ലായിരുന്നു ഇറാന്. എന്നാല്‍ മത്സരം കാണാന്‍ അവസരം ലഭിക്കുമ്പോഴും ഇറാന്‍ അവരുടെ മേല്‍ നീരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കളി കാണാന്‍ അവസരം ലഭിക്കുന്ന വനിതകളെ 150 വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ നിരീക്ഷിക്കും.
“പുരുഷന്മാരെപ്പോലെ സ്ത്രീകൾക്ക് സ്വതന്ത്രമായി പോകാനും മറ്റ് രാജ്യങ്ങളെപ്പോലെ യാതൊരു നിയന്ത്രണവുമില്ലാതെ അരികിൽ ഇരിക്കാനും ഞാൻ ആഗ്രഹിക്കുന്നു,” എന്നാണ് സന്തോഷ നിമിഷം പങ്കുവെച്ചുകൊണ്ട് ഹസ്തി എന്ന സ്ത്രീയുടെ പ്രതികരണം. സ്ത്രീകളുടെ സാന്നിധ്യം സ്റ്റേഡിയങ്ങളിലെ അന്തരീക്ഷം മെച്ചപ്പെടുത്താൻ കഴിയുമെന്ന് നാദര്‍ ഫാത്തി എന്ന സ്ത്രീയും അഭിപ്രായം പങ്കുവെച്ചു.
സ്റ്റേഡിയങ്ങളിൽ സ്ത്രീകൾക്കുള്ള നിരോധനം നിയമത്തിലോ ചട്ടങ്ങളിലോ എഴുതിയിട്ടില്ലെന്നുള്ളതാണ് വാസ്തവം. എന്നാല്‍ നിയമമുണ്ടെന്ന് വാദിച്ച് കര്‍ശനമായി നടപ്പിലാക്കുകയും ചെയ്തു. 1979 ലെ ഇസ്ലാമിക വിപ്ലവത്തിനുശേഷം, ഇറാനിലെ സ്റ്റേഡിയങ്ങളിലേക്ക് സ്ത്രീകൾക്ക് അപൂർവമായി മാത്രമേ പ്രവേശനം ഉണ്ടായിരുന്നുള്ളൂ. 2001 ൽ ഇരുപതോളം ഐറിഷ് വനിതകൾ ഒരു ലോകകപ്പ് യോഗ്യതാ മത്സരം കണ്ടു. നാല് വർഷത്തിന് ശേഷം ഏതാനും പേര്‍ ബഹ്‌റൈൻ ടൂർണമെന്റ് കണ്ടു. ഒക്ടോബറിൽ ബൊളീവിയക്കെതിരായ സൗഹൃദ മത്സരത്തില്‍ 100 ഇറാനിയൻ സ്ത്രീകള്‍ ആസാദി സ്റ്റേഡിയത്തില്‍ പ്രവേശിച്ചു. എന്നാല്‍ അപ്പോഴൊക്കെയും ഭരണകൂടം ശക്തമായി എതിര്‍ത്തു. ഓരോ സംഭവങ്ങളും കോടതിയിലെത്തി. ഇത് പാപമാണെന്ന് ഭരണകൂടവും നീതിന്യായ വ്യവസ്ഥിതിയും ഒരുപോലെ ആവര്‍ത്തിച്ചു.
യാഥാസ്ഥിതിക സമൂഹം ഇനിയും ഇതിനെ ഉള്‍ക്കൊള്ളാന്‍ തയ്യാറായിട്ടില്ല. പെണ്‍കുട്ടികള്‍ സ്റ്റേഡിയത്തില്‍ ഫുട്ബോള്‍ കണ്ടാല്‍ വിവാഹം മുടങ്ങുമെന്നും ഫുട്ബോള്‍ പെണ്‍കുട്ടികള്‍ക്ക് മുന്‍ഗണനാ വിഷയമല്ലെന്നും ഒരു കൂട്ടം ഇപ്പോഴും വാദിച്ചുകൊണ്ടേയിരിക്കുന്നു. എന്നാല്‍ ആ 'നീല പെണ്‍കുട്ടി' ചിരിക്കുന്നുണ്ടാവും. സ്വാതന്ത്ര്യം നേടിയ ഇറാനിയന്‍ സ്ത്രീകള്‍ക്ക് വേണ്ടി.