പാരിസ് : വെള്ളിയാഴ്‌ച ലില്ലെയ്‌ക്കെതിരായ മത്സരത്തിനിടെ കാൽമുട്ടിന് പരിക്കേറ്റ പിഎസ്‌ജിയുടെ അർജന്‍റീനിയൻ സൂപ്പർ താരം ലയണല്‍ മെസിക്ക് അടുത്ത മത്സരങ്ങളും നഷ്ടമായേക്കും. ഇടത് തുടയിലെ ഹാംസ്ട്രിങ്ങിലും, കാൽ മുട്ടിലും വേദനയുള്ള താരം നാളെ നടക്കുന്ന ആർ ബി ലീപ്‌സിഗിനെതിരായ മത്സരത്തിലും കളിക്കില്ലെന്ന് ടീം മാനേജ്മെന്‍റ് അറിയിച്ചു.
വെള്ളിയാഴ്‌ച ലില്ലെയ്‌ക്കെതിരായ മത്സരം പുരോഗമിക്കുന്നതിനിടെ പരിക്കേറ്റ താരം മത്സരം പൂർത്തിയാക്കാതെ പുറത്തുപോയിരുന്നു. എന്നാൽ ലീപ്‌സിഗിനെതിരായി നാളെ നടക്കുന്ന മത്സരത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും തിങ്കളാഴ്‌ച മെസിക്ക് പരിശീലനം നടത്താൻ സാധിച്ചിരുന്നില്ല. പിന്നാലെ നടത്തിയ പരിശോധനയിൽ പരിക്ക് സാരമായതിനാൽ താരത്തിന് വിശ്രമം അനുവദിക്കുകയായിരുന്നു.
അതേസമയം ഞായറാഴ്‌ച ബോർഡിയക്‌സുമായി നടക്കുന്ന മത്സരത്തിലും മെസി കളിക്കാനുള്ള സാധ്യത കുറവാണ്. പരിക്കുമൂലം മെസിക്ക് നഷ്ടപ്പെടുന്ന മൂന്നാമത്തെ ലീഗ് മത്സരമാകും ലീപ്‌സിഗിനെതിരായുള്ളത്. സെപ്‌റ്റംബർ അവസാനം രണ്ട് ലീഗ് 1 മത്സരങ്ങൾ മെസിക്ക് പരിക്ക് മൂലം നഷ്ടമായിരുന്നു.
ALSO READ : പിആര്‍ ശ്രീജേഷിന് ഖേല്‍രത്‌ന ; പുരസ്‌കാരം ലഭിക്കുന്ന മൂന്നാമത്തെ മലയാളി
അതേസമയം ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് എയിൽ മൂന്ന് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഏഴ് പോയിന്‍റുമായി പിഎസ്‌ജി ഒന്നാമതാണ്. കഴിഞ്ഞ സീസണിൽ പരാജയപ്പെട്ട ഫൈനലിസ്റ്റുകളായ മാഞ്ചസ്റ്റർ സിറ്റി ആറ് പോയിന്‍റുമായി രണ്ടാം സ്ഥാനത്താണ്.