ന്യൂഡല്‍ഹി: കൊവിഡ് 19 ലോക്ക് ഡൗണിന് ശേഷം ആദ്യമായി പരിശീലനം പുനഃരാരംഭിക്കാന്‍ ഇന്ത്യന്‍ വനിത ഫുട്‌ബോള്‍ ടീം. അടുത്ത മാസം ഒന്നാം തിയതി ഗോവയിലാണ് വനിത ടീം പരിശീലനം തുടങ്ങുക. ഇന്ത്യ ആതിഥേയത്വം വഹിക്കാനിരിക്കുന്ന എഎഫ്‌സി വനിതാ ഏഷ്യൻ കപ്പ് 2022നുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായാണ് പരിശീലനം. 30 അംഗ ടീമാണ് പരിശീലനത്തിനുള്ളത്. മുഖ്യപരിശീലക മെയ്മോള്‍ റോക്കിയുടെ നേതൃത്വത്തിലാണ് പരിശീലനം. പരിശീലനം പുനഃരാരംഭിക്കുന്നതിന് വിശദമായ സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജിയര്‍ ഒരുക്കിയിട്ടുണ്ട്. കൊവിഡ് 19 പ്രോട്ടോക്കോളുകളും മാർഗനിർദേശവും ഇതില്‍ സമഗ്രമായി പ്രതിപാദിക്കുന്നു.
എത്രയും വേഗം കളിക്കളത്തിലേക്ക് മടങ്ങാൻ ഒരുങ്ങുകയാണ് ടീം അംഗങ്ങളെന്ന് ദേശീയ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഡയറക്‌ടർ അഭിഷേക് യാദവ് പറഞ്ഞു. കഴിഞ്ഞ കുറച്ച് മാസങ്ങൾ തീര്‍ത്തും വ്യത്യസ്ഥമായിരുന്നു. പക്ഷേ ഇന്ത്യൻ ഫുട്ബോളിനെ ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകാൻ ഞങ്ങൾ ജാഗ്രത നീങ്ങുകയാണ്. എഎഫ്‌സി വനിതാ ഏഷ്യൻ കപ്പാണ് അടുത്ത ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
കളിക്കാര്‍ ക്യാമ്പിലേക്ക് തിരിക്കുന്നതിന് മുമ്പ് ആര്‍ടിപിസിആര്‍ ടെസ്റ്റിന് വിധേയരായ ശേഷം കൊവിഡില്ലെന്ന സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കണം. ഗോവയിലെത്തിയ ശേഷം ആന്റിജൻ ടെസ്റ്റിനും വിധേയരാവേണ്ടതുണ്ട്. ഫലം നെഗറ്റീവ് ആണെങ്കിൽ, അവർക്ക് ഏഴ് ദിവസത്തെ ക്വാറന്‍റൈന് ശേഷം ക്യാമ്പില്‍ പ്രവേശിക്കാം. പരിശീലനത്തിന് മുമ്പ് എട്ടാം ദിവസം ആര്‍ടിപിസിആര്‍ ടെസ്റ്റിനും വിധേയരാകേണ്ടതുണ്ട്.