ദോഹ : 2022 ലോക കപ്പ്, 2023ലെ ഏഷ്യൻ കപ്പ് ക്വാളിഫയർ എന്നീ ടൂർണമെന്‍റുകളുടെ യോഗ്യതയ്ക്കായി ഇന്ത്യ നാളെ ഏഷ്യന്‍ ചാമ്പ്യന്മാരായ ഖത്തറിനെ നേരിടും. ദോഹ ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തില്‍ രാത്രി 10.30നാണ് മത്സരം. അഞ്ച് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ മൂന്ന് പോയിന്‍റുകളുമായി ഇന്ത്യ ഗ്രൂപ്പ് ഇയില്‍ നാലാം സ്ഥാനത്താണ്. 13 പോയിന്‍റുള്ള ഖത്തറാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 12 പോയിന്‍റുമായി ഒമാന്‍ രണ്ടാം സ്ഥാനത്തും നാല് പോയിന്‍റുള്ള അഫ്ഗാനിസ്ഥാന്‍ ഇന്ത്യയ്ക്ക് മുന്നില്‍ മൂന്നാം സ്ഥാനത്തുമുണ്ട്. അതേസമയം ഇന്ത്യന്‍ സംഘത്തിന്‍റെ ലോകകപ്പ് പ്രതീക്ഷകള്‍ ഇതിനകം തന്നെ അസ്തമിച്ചിട്ടുണ്ട്.
also read: പുതിയ തുടക്കത്തിന് റയല്‍ ; ആഞ്ചലോട്ടി തിരിച്ചെത്തുന്നു
ലക്ഷ്യം ഏഷ്യന്‍ കപ്പ് യോഗ്യത
പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്താനായാല്‍ 2023ൽ ചൈനയിൽ നടക്കുന്ന ഏഷ്യൻ കപ്പിന്‍റെ യോഗ്യത മത്സരത്തിന്‍റെ മൂന്നാം റൗണ്ടിലേക്ക് ഇന്ത്യയ്ക്ക് നേരിട്ട് പ്രവേശനം ലഭിക്കും. ഇതിനായി ശേഷിക്കുന്ന മൂന്ന് മത്സരങ്ങളില്‍ രണ്ടെണ്ണത്തില്‍ ഇഗോർ സ്റ്റീമാച്ചിന്‍റെ സംഘത്തിന് ജയിച്ച് കയറേണ്ടതുണ്ട്. ജൂണ്‍ ഏഴിന് ബംഗ്ലാദേശ് (വെെകീട്ട് 7.30ന്), 15ന് അഫ്ഗാനിസ്ഥാന്‍ (വെെകീട്ട് 7.30ന്) എന്നിവര്‍ക്കെതിരെയാണ് ഇന്ത്യയുടെ മറ്റ് മത്സരങ്ങള്‍.
ഛേത്രിയും ഹെയ്ദോസും നയിക്കും
കൊവിഡ് ബാധിതനായതിനെ തുടര്‍ന്ന് ഒമാനും യുഎഇക്കുമെതിരായ മത്സരങ്ങള്‍ നഷ്ടപ്പെട്ട ക്യാപ്റ്റന്‍ സുനില്‍ ഛേത്രി തിരിച്ചെത്തിയത് നീലപ്പടയുടെ കരുത്ത് വര്‍ധിപ്പിക്കും. സന്ദേശ് ജിങ്കനുള്‍പ്പെടെയുള്ള മുതിര്‍ന്ന താരങ്ങളും ടീമിന്‍റെ ഭാഗമായുള്ളത് ആത്മ വിശ്വാസം വര്‍ധിപ്പിക്കുന്ന ഘടകമാണ്. മറുവശത്ത് സ്റ്റാർ ഫോർവേഡ് ഹസൻ അൽ ഹെയ്ദോസ് തന്നെയാവും ഖത്തറിന്‍റെ വജ്രായുധം. നേരത്തെ ഖത്തറുമായി ഏറ്റുമുട്ടിയപ്പോള്‍ ഗോള്‍ രഹിത സമനില കണ്ടെത്താന്‍ സുനില്‍ ഛേത്രിയുടെ സംഘത്തിന് കഴിഞ്ഞിരുന്നു.