ദോഹ : ലോകകപ്പ് ക്വാളിഫയറില്‍ ഇന്ത്യയെ തോല്‍പ്പിച്ചെങ്കിലും ടീമിനെ പ്രശംസിച്ച് ഖത്തര്‍ കോച്ച് ഫെലിക്സ് സാഞ്ചസ്. മത്സരത്തില്‍ ഇന്ത്യയുടെ പ്രതിരോധ നിര മികച്ച പ്രകടനം കാഴ്ചവെച്ചു. തോല്‍പ്പിക്കാന്‍ എളുപ്പമുള്ള ടീമല്ലെന്ന് ഇന്ത്യ കാണിച്ചുതന്നുവെന്നും ഖത്തര്‍ കോച്ച് പറഞ്ഞു. കളിയുടെ 17ാംമിനിറ്റ് മുതൽ 10 പേരുമായി കളിക്കേണ്ടിവന്നിട്ടും ഇന്ത്യന്‍ സംഘം മികച്ചു നിന്നതായും ഫെലിക്സ് സാഞ്ചസ് പറഞ്ഞു. 'മത്സരത്തിന്‍റെ ഗതി നിര്‍ണയിക്കുന്നതില്‍ ആദ്യ പകുതിയിലെ ചുവപ്പ് കാർഡ് നിര്‍ണായക പങ്ക് വഹിച്ചു. ഇതോടെ കുറച്ചുകൂടി അനായാസമായി ഞങ്ങൾക്ക് കളി നിയന്ത്രിക്കാന്‍ സാധിച്ചു. എന്നാൽ കൂടുതൽ ഗോളുകൾ കണ്ടെത്തുന്നതില്‍ നിന്നും അവര്‍ ഞങ്ങളെ തടഞ്ഞു. അത് ഇന്ത്യയുടെ പ്രതിരോധ നിരയുടെ മികവാണ്' സാഞ്ചസ് പറഞ്ഞു.
read more:ഖത്തറില്‍ പൊരുതി തോറ്റു; ടീം ഇന്ത്യ നാലാമതായി
ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു എഷ്യന്‍ ചാമ്പ്യന്മാരായ ഖത്തറിനോട് ഇന്ത്യന്‍ സംഘം തോല്‍വി വഴങ്ങിയത്. 34ാം മിനിറ്റിൽ അബ്‌ദുള്‍ അസീസ് ഹത്തീമിലൂടെയാണ് ഖത്തര്‍ വിജയ ഗോള്‍ കണ്ടെത്തിയത്. പരാജയത്തോടെ ഗ്രൂപ്പ് ഇയില്‍ ഇന്ത്യ നാലാം സ്ഥാനക്കാരായി. ഖത്തറിനെ കൂടാതെ അഫ്‌ഗാനിസ്ഥാനും ഒമാനുമാണ് ഇന്ത്യക്ക് മുന്നിലുള്ളത്. ലോകകപ്പ് പ്രതീക്ഷകള്‍ നേരത്തെ തന്നെ അവസാനിച്ച സംഘത്തിന് ബാക്കിയുള്ള രണ്ട് മത്സരങ്ങളില്‍ വിജയിച്ചാല്‍ മാത്രമേ ഏഷ്യന്‍ കപ്പ് ക്വാളിഫയറില്‍ പങ്കെടുക്കാനാവൂ.