ലോകത്തെ പണ സമ്പന്നമായ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇരട്ട ഗോളടിച്ച് ഹാരി കെയിന്‍ ടോട്ടന്‍ഹാമിന് വേണ്ടി കത്തിക്കയറിയപ്പോള്‍ തകര്‍ന്നടിഞ്ഞത് ഈസ്റ്റ് ബംഗാള്‍ പരിശീലകന്‍റെ റെക്കോഡാണ്. അതേ ഒരുകാലത്ത് പ്രീമിയര്‍ ലീഗ് വേദികളില്‍ ഉയര്‍ന്നുകേട്ട ലിവര്‍പൂളിന്‍റെ സൂപ്പര്‍ ഫോര്‍വേഡ് റോബിന്‍ ഫ്ലവറിന്‍റെ 163 ഗോളുകളെന്ന റെക്കോഡ്. ഫ്ലവറിനെ മറികടന്ന് ഹാരി കെയിന്‍ പ്രീമിയര് ലീഗിലെ എക്കാലത്തെയും മികച്ച ഗോള്‍ സ്‌കോറര്‍മാരുടെ പട്ടികയില്‍ ഏഴാം സ്ഥാനത്തേക്കുയര്‍ന്നു. ഇതോടെ വര്‍ഷങ്ങള്‍ക്ക് ശേഷം പ്രീമിയര്‍ ലീഗ് വേദിയില്‍ വീണ്ടും ഉയര്‍ന്ന് കേള്‍ക്കുകയാണ് റോബി ഫ്ലവറെന്ന ആ വെറ്ററന്‍ ഫോര്‍വേഡിന്‍റെ പേര്.
പ്രീമിയര്‍ ലീഗിലെ ഏക്കാലത്തെയും മികച്ച ഗോള്‍ സ്‌കോറര്‍മാരുടെ പേരെടുത്താല്‍ ആദ്യ പത്തില്‍ റോബിന്‍ ഫ്ലവറുമുണ്ട്. ഇക്കഴിഞ്ഞ ഒമ്പതാം തീയ്യതി തന്‍റെ 46-ാം പിറന്നാള്‍ ആഘോഷിച്ച റോബി ഫ്ലവര്‍ നിലവില്‍ കൊല്‍ക്കത്തയിലെ മുന്‍നിര ഫുട്‌ബോള്‍ ക്ലബുകളിലൊന്നായ ഈസ്റ്റ് ബംഗാളിനെ കളി പഠിപ്പിക്കുകയാണ്.
കഴിഞ്ഞ സീസണിലാണ് ഈസ്റ്റ് ബംഗാള്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍റെ ഭാഗമായത്. പരിശീലക വേഷത്തിലെത്തി റോബി ഫ്ലവര്‍ ഇന്ത്യന്‍ കാല്‍പ്പന്താരാധകരുടെ ഹൃദയത്തില്‍ ഇടം നേടി. ആദ്യ സീസണില്‍ പ്രതീക്ഷിച്ച മുന്നേറ്റം നടത്താന്‍ സാധിക്കാതെ പോയ ഈസ്റ്റ് ബംഗാള്‍ ഇത്തവണ വമ്പന്‍ തിരിച്ചുവരവിനുള്ള തയാറെടുപ്പുകളാണ് അണിയറയില്‍ നടത്തുന്നത്. സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ കല്ലുകടിയായി മാറുന്നുണ്ടെങ്കിലും ഈസ്റ്റ് ബംഗാള്‍ പഴയ പ്രൗഢിയിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
ലിവര്‍പൂളിന്‍റെ സൂപ്പര്‍ ഫോര്‍വേഡായാണ് റോബി ഫ്ലവറെന്ന ഇംഗ്ലീഷ് സ്‌ട്രൈക്കര്‍ കാല്‍പന്ത് ആരാധകരുടെ ഹൃദയത്തില്‍ ഇടം നേടിയത്. ലിവര്‍പൂളിന്‍റെ യൂത്ത് ക്ലബിലൂടെ കരിയര്‍ പടുത്തുയര്‍ത്തിയ റോബി ഫ്ലവര്‍ 1993 മുതല്‍ 2001 വരെ 236 മത്സരങ്ങളില്‍ നിന്നായി 120 ഗോളുകളാണ് അടിച്ച് കൂട്ടിയത്. പിന്നാലെ ലീഡ്‌സ് യുണൈറ്റഡിന് വേണ്ടിയും മാഞ്ചസ്റ്റര്‍ സിറ്റിക്ക് വേണ്ടിയും ബൂട്ടണിഞ്ഞ ഇംഗ്ലീഷ് ഫോര്‍വേഡ് 2012ലാണ് ബൂട്ടഴിച്ചത്. വിവിധ ലീഗുകളിലായി 186 ഗോളുകളാണ് ഈ സമയം കൊണ്ട് റോബി ഫ്ലവര്‍ അടിച്ച് കൂട്ടിയത്.
2012 മുതല്‍ പരിശീലക വേഷത്തിലേക്ക് എത്തിയ റോബി ഫ്ലവര്‍ 2019-20 സീസണിലാണ് ഈസ്റ്റ് ബംഗാളിന്‍റെ തട്ടകത്തിലെത്തിയത്. ഓസ്‌ട്രേലിയന്‍ ക്ലബായ ബ്രിസ്‌ബണ്‍ റോറിന്‍റെ പരിശീലകനായി തുടരുമ്പോഴാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്ക് വിളിയെത്തിയത്. രണ്ട് വര്‍ഷത്തേക്കാണ് ഈസ്റ്റ് ബാംഗാളുമായി കരാറുണ്ടാക്കിയത്.