വനിതാ ഫുട്ബോൾ ടീമുകളുടെ ചതുരാഷ്ട്ര ടൂർണമെന്റായ ഗോൾഡ് കപ്പിന് ഇന്ന് തുടക്കമാകും. ഇന്ത്യയടക്കം നാലു രാജ്യങ്ങളാണ് ടൂർണമെന്‍റിൽ പങ്കെടുക്കുന്നത്.
ഒഡീഷ്യയിൽ വെച്ച് നടക്കുന്ന മത്സരത്തിൽ ഇന്ത്യ ഇന്ന് ഇറാനെ നേരിടും. ഇന്ത്യ, ഇറാൻ എന്നിവർക്ക് പുറമെ മ്യാന്മാർ, നേപ്പാൾ എന്നീ വനിതാ ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ് ടൂർണമെന്റ് നടക്കുക. ഒളിമ്പിക്സ് യോഗ്യതാ മത്സരങ്ങൾക്ക് ഒരുങ്ങുന്ന ഇന്ത്യക്ക് കൂടുതൽ മത്സര പരിചയത്തിന് വേണ്ടിയാണ് എ.ഐ.എഫ്.എഫ് ടൂർണമെന്‍റ് സംഘടിപ്പിക്കുന്നത്. ഇന്ത്യൻ ഫുട്ബോൾ കഴിഞ്ഞ മാസം ഹോങ്കോങിലും ഇന്തോനേഷ്യയിലും നടത്തിയ പര്യടനത്തിൽ കളിച്ച നാലു മത്സരങ്ങളിൽ നാലും വിജയിച്ചിരുന്നു.
ഇന്ന് രാത്രി ഏഴ് മണിക്കാണ് ഇന്ത്യ-ഇറാൻ മത്സരം നടക്കുക. ഇന്ന് വൈകിട്ട് നാലു മണിക്ക് മ്യാന്മാറും നേപ്പാളും തമ്മിലുള്ള മത്സരവും നടക്കും.