മിലാന്‍ : ആവേശകരമായ ഫൈനലില്‍ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് സ്പെയിനെ തറപറ്റിച്ച് യുവേഫ നേഷന്‍സ് ലീഗ് ഫുട്ബോള്‍ കിരീടം ചൂടി ഫ്രാന്‍സ്. ഇതാദ്യമായാണ് ഫ്രാന്‍സ് നേഷന്‍സ് ലീഗ് നേടുന്നത്. കരീം ബെന്‍സമ, കെലിയന്‍ എംബാപ്പെ എന്നിവര്‍ യഥാക്രമം 66, 80 മിനിട്ടുകളിലാണ് സ്പെയിനിന്‍റെ വല കുലുക്കിയത്.
മൈക്കല്‍ ഒയര്‍സബാള്‍ 64ാം മിനിട്ടില്‍ നേടിയ ഗോള്‍ മാത്രമായിരുന്നു സ്പെയിന്‍റെ സമ്പാദ്യം. അതേസമയം 2018 ല്‍ ലോകകിരീടത്തില്‍ മുത്തമിട്ട ഫ്രാന്‍സിന് മറ്റൊരു പ്രധാന കപ്പുകൂടി ഇതോടെ കൈപ്പിടിയിലായി. കളിയുടെ ആദ്യപകുതിയില്‍ പ്രതിരോധവും മുന്നേറ്റവും ശക്തമാക്കി സ്പെയിന്‍ ആധിപത്യം പുലര്‍ത്തിയിരുന്നു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ ആക്രമണം കടുപ്പിച്ച് ഗോള്‍വലകുലുക്കി ലക്ഷ്യം കാണുകയും ചെയ്‌തു. എന്നാല്‍ ഇതോടെ ഉണര്‍ന്നെണീറ്റ ഫ്രാന്‍സ് പ്രത്യാക്രമണം സജീവമാക്കി. വൈകാതെ ബെന്‍സമയുടെ നിറയൊഴിക്കലിലൂടെ സമനില പിടിച്ചു.
എംബാപ്പെയിലൂടെ രണ്ടാം ഗോളും നേടി. സ്പെയിനിന് പിന്നീട് ലക്ഷ്യം കാണാനായതുമില്ല. അതേസമയം ബല്‍ജിയത്തെ തകര്‍ത്ത് ഇറ്റലിയാണ് മൂന്നാമതെത്തിയത്. നിക്കോളോ ബരേല്ല, ഡൊമെനിക്കോ ബെറാര്‍ഡി എന്നിവരാണ് ഇറ്റലിക്കായി ലക്ഷ്യം കണ്ടത്. ബല്‍ജിയത്തിനായി ചാള്‍സ് കെറ്റെലെറോ ഗോള്‍ തൊടുത്തു.