മാഡ്രിഡ്: ബാഴ്‌സലോണ യൂത്ത് ടീമിന്‍റെ മുൻ ഡയറക്ടർ ആൽബർട്ട് ബെനൈജസിനെതിരെ ഗുരുതരമായ ലൈംഗികാരോപണം. ബെനൈജസ് ഡസന്‍കണക്കിന് വിദ്യാര്‍ഥികളെ ലൈംഗികമായി ദുരുപയോഗം ചെയ്തതായി സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവുമായി ബന്ധപ്പെട്ട് അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കറ്റാലൻ പത്രമായ എആര്‍എയുടെ (ARA) റിപ്പോര്‍ട്ട് പ്രകാരം ബെനൈജസ്, പബ്ലിക് സ്കൂളിൽ ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകനായിരിക്കെ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്ന് ആരോപിച്ച് 60-ലധികം മുൻ വിദ്യാർഥികള്‍ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ആരോപണങ്ങള്‍ ബെനൈജസ് നിഷേധിച്ചതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
അതേസമയം ബാഴ്‌സലോണയുടെ മുൻ താരങ്ങളാരും ആരോപണത്തിൽ രംഗത്തെത്തിയതായി റിപ്പോര്‍ട്ടുകളില്ല. അരോപണങ്ങള്‍ ഞെട്ടിക്കുന്നതാണെന്ന് ബാഴ്‌സലോണ കോച്ച് സാവി ഹെർണാണ്ടസ് പ്രതികരിച്ചു. എന്നാല്‍ അന്വേഷണത്തെക്കുറിച്ച് ബാഴ്‌സലോണ ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല.
also read: Premier League : വോള്‍വ്‌സിനെ തകർത്തു, വിജയം തുടർന്ന് മാഞ്ചസ്റ്റർ സിറ്റി; ബ്രെന്‍റ്ഫോര്‍ഡിനും ജയം
1991-2011 കാലഘട്ടത്തിൽ ബാഴ്‌സലോണയുടെ യൂത്ത് ട്രെയിനിങ് അക്കാദമിയിലെ പ്രധാന അംഗമായിരുന്നു 71കാരനായ ബെനൈജസ്. ആന്ദ്രെ ഇനിയേസ്റ്റയും സാവിയും ഉൾപ്പെടെയുള്ള ക്ലബ്ബിന്റെ മികച്ച ഒരു തലമുറയെ ഇക്കാലത്ത് ബാഴ്‌സ വാര്‍ത്തെടുത്തിരുന്നു.
ക്ലബിന്‍റെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് ജോവാൻ ലാപോർട്ട തിരിച്ചെത്തിയതിനെത്തുടർന്ന് ബെനൈജസും കഴിഞ്ഞ വർഷം ബാഴ്‌സലോണയിലേക്ക് മടങ്ങിയെത്തിയിരുന്നു. തുടര്‍ന്ന് വ്യക്തിപരമായ കാരണങ്ങളാൽ കഴിഞ്ഞയാഴ്ച രാജിവെച്ചു.