ലോസാൻ: കൊവിഡ് 19 പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ ഫിഫ ദി ബെസ്റ്റ് പുരസ്‌കാരദാന ചടങ്ങ് മാറ്റിവെച്ചു. ഫിഫ തന്നെ ഔദ്യോഗികമായി ഇക്കാര്യം വ്യക്തമാക്കുകയായിരുന്നു. ഈ വർഷം സെപ്‌റ്റംബറില്‍ മിലാനില്‍ വെച്ചായിരുന്നു പുരസ്‌കാരം നല്‍കേണ്ടിയിരുന്നത്. ലോകം കോവിഡ് ഭീതിയില്‍ നില്‍ക്കെയാണ് തീരുമാനം. എന്നാല്‍ മാറ്റിവെച്ച ചടങ്ങ് എന്ന് പുനസംഘടിപ്പിക്കുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. കഴിഞ്ഞ വർഷം ലയണല്‍ മെസിയായിരുന്നു പുരസ്‌കാരം സ്വന്തമാക്കിയത്. വനിതാ വിഭാഗത്തില്‍ മേഗൻ റെപ്പിനോയും പുരസ്‌കാരം സ്വന്തമാക്കി. 2019-ലെ ബാലന്‍ ദിയോർ പുരസ്‌കാരത്തിനും ഇരുവരും അർഹരായിരുന്നു.
പുരസ്‌കാര ദാന ചടങ്ങ് നടക്കേണ്ടിയിരുന്ന ഇറ്റലിയിലെ മിലാനില്‍ ഉൾപ്പെടെ കൊവിഡ് 19 വന്‍തോതില്‍ ബാധിച്ചിട്ടുണ്ട്. കൊവിഡ് 19 പശ്ചാത്തലത്തില്‍ സാമാന്യബുദ്ധിയും പരമാവധി മുന്‍കരുതലുകളും ഉപയോഗിച്ച് മാത്രമേ ഫിഫ കാര്യങ്ങള്‍ ചെയ്യൂ എന്ന് പ്രസിഡന്‍റ് ജിയാനി ഇന്‍ഫാന്‍റിനോ വ്യക്തമാക്കിയിരുന്നു. രോഗവ്യാപനത്തിന്‍റെ തുടക്കത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.