മാഞ്ചസ്റ്റർ: യുവേഫയുടെ കണ്ടെത്തലുകൾ നിഷേധിച്ച് മാഞ്ചസ്റ്റർ സിറ്റി സിഇഒ ഫെറാന്‍ സൊറിയാനോ. സാമ്പത്തിക കാര്യങ്ങളിലെ നിയന്തണങ്ങളിലും ക്ലബ് ചട്ടങ്ങളിലും ഗുരുതര പിഴവുകൾ ഉണ്ടായെന്ന് ആരോപിച്ച് മാഞ്ചസ്റ്റർ സിറ്റിയെ യുവേഫ രണ്ട് വർഷത്തേക്ക് ചാമ്പ്യന്‍സ് ലീഗ് കളിക്കുന്നതില്‍ നിന്നും വിലക്കിയിരുന്നു. 30 ദശലക്ഷം യൂറോ പിഴയും വിധിച്ചിരുന്നു. യുവേഫയുടെ സ്വതന്ത്ര ധനകാര്യ നിയന്ത്രണ സമിതി കഴിഞ്ഞ ഫെബ്രുവരി 14-നാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.ഇതേ തുടർന്നാണ് വിലക്കിന് കാരണമായി യുവേഫ പറഞ്ഞ കാര്യങ്ങൾ നിഷേധിച്ച് സൊറിയാനോ രംഗത്ത് വന്നത്. വിലക്കിനെതിരെ കായിക തർക്കപരിഹാര കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുവേഫയുടെ വിലക്ക് നിലവില്‍ വന്നതിന് ശേഷം സിറ്റിയുടെ പരിശീലകന്‍ പെപ്പ് ഗാർഡിയോള പുതിയ ഇടങ്ങൾ തേടുന്നതായും സൂചനകൾ ഉയരുന്നുണ്ട്. എന്നാല്‍ ഗാർഡിയോള ക്ലബില്‍ തുടരുമെന്ന് സോറിയാനോ വ്യക്തമാക്കി. ഗാർഡിയോള മത്സരങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് ശ്രദ്ധിക്കുന്നത്. വിലക്കുമായി ബന്ധപ്പെട്ട കാര്യങ്ങൾ അദ്ദേഹത്തിന്‍റെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെന്നും സൊറിയാനോ വ്യക്തമാക്കി.
അതേസമയം ചാമ്പ്യന്‍സ് ലീഗിലെ ഈ സീസണില്‍ കളിക്കുന്നതിന് സിറ്റിക്ക് വിലക്കില്ല. ഫെബ്രുവരി 26-ന് നടക്കുന്ന ലീഗിലെ ആദ്യപാദ പ്രീ ക്വാർട്ടർ മത്സരത്തില്‍ സിറ്റി റയല്‍ മാഡ്രിഡിനെ നേരിടും.