സെവിയ്യ: യൂറോ കപ്പിലെ ഗ്രൂപ്പ് ഇ യില്‍ സ്പെയിൻ - സ്ലോവാക്കിയ മത്സരഫലം കാത്ത് ലോകം. മുൻ ലോകകപ്പ്, യൂറോ കപ്പ് ചാമ്പ്യന്മരായ സ്പെയിനിന്‍റെ 'പെയിൻ' ഈ ടൂർണമെന്‍റ് കണ്ടു കൊണ്ടിരിക്കുകയാണ്. കളിച്ച രണ്ട് കളികളിലും സമനില വഴങ്ങി കൊടുക്കേണ്ടി വന്നു മുൻ ചാമ്പ്യന്മാർക്ക്. ഇന്ത്യൻ സമയം രാത്രി 9:30നാണ് മത്സരം.
രണ്ട് പോയിന്‍റുമായി മൂന്നാം സ്ഥാനത്താണ് സ്പെയിൻ. അതുകൊണ്ട് തന്നെ ഇന്ന് സ്ലോവാക്കിയയോട് ജയം അനിവാര്യമാണ്. പക്ഷെ സ്ലോവാക്കിയക്ക് സമനില മതി പ്രീക്വാർട്ടറിൽ പ്രവേശിക്കാൻ.
തിരിച്ചുവരാൻ സ്‌പെയിൻ
ലൂയിസ് എൻറിക്കെയുടെ കീഴിലിലുള്ള സ്പെയിന് എന്തുപറ്റിയെന്നാണ് എല്ലാവരും ചോദിക്കുന്നത്. അതുകൊണ്ട് തന്നെ തന്‍റെ ടീമിന് ഈ മത്സരത്തിലെങ്കിലും തിരിച്ചുവരവിനുള്ള സാധ്യതകൾ കൽപ്പിച്ചു കൊടുക്കുകയെന്നതും വലിയ ദൗത്യമാണ്. ഹോം ഗ്രൗണ്ടിൽ കളിക്കുന്നത് സ്പെയിന് ആശ്വാസവും അതുപോലെ മാനസിക വെല്ലുവിളിയും ഉയർത്തുന്നുണ്ട്.
പന്ത് കൈവശം വച്ച് കളിക്കുകയെന്നത് സ്പെയിനിന്റെ ഒരു തന്ത്രമാണെങ്കിലും ഫിനിഷിങ്ങിലെ പിഴവാണ് എപ്പോഴും അലട്ടുന്നത്. സ്വീഡനെതിരെ ഗോൾ രഹിത സമനിലയും പോളണ്ടിനെതിരെ ഒരു ഗോൾ സമനിലയും വഴങ്ങിയാണ് സ്പെയിനിന്റെ നിൽപ്പ്. അൽവാരോ മൊറാറ്റ അവസരത്തിനോത്ത് ഉയരുന്നില്ല എന്നതും സ്പെയിനിനെ ആശങ്കയിലാഴ്ത്തുന്നു.
Also Read: ക്രൊയേഷ്യയെ രക്ഷിച്ച് മോഡ്രിച്ച്, പ്രീക്വാർട്ടർ ഉറപ്പിച്ചു
സ്‌പെയിനെ അട്ടിമറിക്കാൻ സ്ലോവാക്കിയ
സ്ലോവാക്കിയയെ അത്ര നിസാരക്കാരായി തള്ളിക്കളായാൻ സാധിക്കില്ല. ഇറ്റലിയെ പോലുള്ള വമ്പന്മാരെ അട്ടിമറിച്ച പാരമ്പര്യമുള്ളവരാണ് സ്ലോവാക്കിയ. അതുകൊണ്ട് തന്നെ അട്ടിമറി സാധ്യതകൾ തള്ളിക്കളയാൻ സാധിക്കില്ല.
മിലാൻ സ്ക്രിനിയർ, പീറ്റൽ പീകാറിക്ക് തുടങ്ങിയവരുടെ പ്രതിരോധ നിരയിൽ സ്ലോവാക്കിയക്ക് ആശ്വസിക്കാം. അതുപോലെ തന്നെ മരേക്ക് ഹാംസിക്കിന്‍റെ പ്രകടനത്തിലും ടീമിന് പ്രതീക്ഷയുണ്ട്. സമനില മതി പ്രീക്വാർട്ടറിൽ പ്രവേശിക്കാൻ എന്നുള്ളതിനാൽ സ്പെയിന് ഒപ്പം പിടിക്കാനാകും ശ്രമം. പരാജയപ്പെടുകയാണെങ്കിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും പ്രീക്വാർട്ടറിന് കാത്തിരിക്കുകയും വേണം.
ഇതുവരെ ഏറ്റുമുട്ടിയ അഞ്ച് മത്സരങ്ങളിൽ നാലും ജയിച്ചത് സ്പെയിനാണ്. ഒരു മത്സരത്തില്‍ മാത്രമാണ് സ്ലോവാകിയക്ക് ജയം കണ്ടെത്താനായത്.
Also Read : ജീവിതത്തിന്‍റെ കളിക്കളത്തില്‍ മാനെക്ക് രക്ഷകന്‍റെ റോള്‍; നാട്ടുകാര്‍ക്കായി ആശുപത്രി