ലണ്ടന്‍: യൂറോ കപ്പ് ഫൈനലിൽ ഇറ്റലിയോട് തോറ്റതിന് പിന്നാലെ ഇംഗ്ലീഷ് താരങ്ങള്‍ക്കെതിരെ നടക്കുന്ന വംശീയ അധിക്ഷേപത്തെ അപലപിച്ച് ഇംഗ്ലണ്ട് ഫുട്ബോൾ അസോസിയേഷൻ. പെനാൽറ്റി നഷ്ടപ്പെടുത്തിയ മാർക്കസ് റക്സ്ഫോർഡ്, ജാദോൺ സാഞ്ചോ, ബുക്കായോ സാക്ക എന്നീ താരങ്ങളെയാണ് ഒരു കൂട്ടം ഇംഗ്ലണ്ട് ആരാധകര്‍ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചത്.
“ഇത്തരം മ്ലേച്ഛമായ പെരുമാറ്റത്തിന് പിന്നിലുള്ള ആരും ടീമിനെ പിന്തുടരുന്നത് സ്വാഗതം ചെയ്യുന്നില്ലെന്ന് ഇതിനേക്കാൾ വ്യക്തമായി പറയാൻ ഞങ്ങൾക്ക് സാധിക്കില്ല. കളിക്കാരെ പിന്തുണയ്ക്കാന്‍ കഴിയുന്നതിന്‍റെ പരമാവധി ഞങ്ങള്‍ ചെയ്യും. ഉത്തരവാദിത്തപ്പെട്ട എല്ലാവർക്കും ഏറ്റവും കഠിന ശിക്ഷ ഉറപ്പാക്കാനും ശ്രമിക്കും” ഇംഗ്ലണ്ട് ഫുട്ബോള്‍ അസോസിയേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.
also read: യൂറോ കപ്പ് ഫൈനലിലെ തോല്‍വി; വേദന ഏറെക്കാലം പിന്തുടരുമെന്ന് ഹാരി കെയ്ന്‍
താരങ്ങള്‍ക്കെതിരെയുള്ള വംശീയ അധിക്ഷേപത്തെ അപലപിച്ച് ഇംഗ്ലണ്ട് ടീമും പ്രസ്താവയിറക്കിയിട്ടുണ്ട്. അതേസമയം ഇംഗ്ലീഷ് താരങ്ങളെ വംശീയമായി അധിക്ഷേപിക്കുന്ന ആയിരക്കണക്കിന് ട്വീറ്റുകളാണ് ട്വിറ്റര്‍ നീക്കം ചെയ്തത്. നിരവധി അക്കൗണ്ടുകൾ വിലക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ബ്രിട്ടീഷ് പൊലീസ് അറിയിച്ചു.