ആംസ്റ്റർഡാം : യൂറോ കപ്പിലെ ആവേശ പോരാട്ടത്തിൽ ഉക്രൈനെതിരെ നെതർലാൻഡിന് മിന്നും വിജയം. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഉക്രൈനെ ഓറഞ്ച് പട തകർത്തത്. ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് മത്സരത്തിലെ അഞ്ച് ഗോളുകളും പിറന്നത്.
കളിയുടെ തുടക്കം മുതൽ നെതർലാൻഡിനായിരുന്നു മുൻതൂക്കം. പന്തിന്‍റെ കൈയടക്കത്തിലും നിരന്തരം ആറ്റാക്കുകൾ ഉക്രൈൻ ഗോൾ മുഖത്തേക്ക് അഴിച്ചുവിടുന്നതിലും നെതർലാൻഡ് മുന്നിട്ട് നിന്നു. അച്ചടക്കമുള്ള പ്രതിരോധം സൃഷ്ടിച്ച ഉക്രൈൻ മികച്ച അറ്റാക്കുകളും നെതർലാൻഡ് ഗോള്‍മുഖത്ത് വിതച്ചു.
ആദ്യ ഗോൾ പിറന്നത് 52ാം മിനിട്ടിൽ
52ാം മിനിട്ടിലാണ് മത്സരത്തിലെ ആദ്യ ഗോള്‍ പിറന്നത്. ഡെൻസൽ ഡംഫ്രീസ് നൽകിയ ക്രോസ് ജോർജീനിയോ വനാൽഡം മനോഹരമായി ഉക്രൈൻ വലയിലെത്തിച്ചു. 58-ാം മിനിറ്റിൽ വുട്ട് വെഗോർസ്റ്റിലൂടെ ഓറഞ്ച് പട വീണ്ടും മുമ്പിലെത്തി. എന്നാൽ രണ്ട് ഗോളുകൾക്ക് പിന്നിലായിട്ടും വീര്യം ചോരാതെ പോരാടുന്ന ഉക്രൈനെയാണ് പിന്നീട് കണ്ടത്.
ഉക്രൈന്‍റെ തിരിച്ചടി
ഉക്രൈന്‍റെ അറ്റാക്കിങ്ങ് ഫുട്‌ബോൾ 75ാം മിനിട്ടിൽ ഫലം കണ്ടു. ആൻഡ്രി യർമോലെൻകോയിലൂടെ നെതർലാൻഡ് പോസ്റ്റിൽ ഉക്രൈന്‍റെ മറുപടി. സ്കോർ 2- 1 . 79-ാം മിനിറ്റിൽ റോമൻ യാറെംച്ചക്കിന്‍റെ മനോഹര ഹെഡർ നെതർലാഡിന്‍റെ വല വീണ്ടും കുലുക്കി.
ഒപ്പത്തിനൊപ്പമെത്തിയതോടെ ഇരു ടീമുകളും അറ്റാക്കിങ് തന്ത്രങ്ങൾ പുറത്തെടുത്ത് അവസാന മണിക്കൂറിൽ കളം നിറഞ്ഞു. 85-ാം മിനിട്ടിൽ ഉക്രൈൻ സ്വപ്നങ്ങള്‍ക്ക് മേൽ ഓറഞ്ച് പട വീണ്ടും വെടിയുതിർത്തു.
നെഥൻ ആക്കിയുടെ ക്രോസ് ഹെഡറിലൂടെ ഡംഫ്രീസ് പന്ത് ഉക്രൈൻ വലയ്ക്കുള്ളിലാക്കി. രണ്ട് ഗോളുകൾക്ക് വഴിയൊരുക്കുകയും വിജയ ഗോള്‍ നേടുകയും ചെയ്ത നെതർലാൻഡ് താരം ഡെൻസൽ ഡംഫ്രീസാണ് കളിയിലെ താരം.