ലിവര്‍പൂള്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെമ്പടക്ക് സമനില കുരുക്ക്. കൊവിഡ് 19 ഭീതിയെ അതിജീവിച്ച് പുനരാരംഭിച്ച ലീഗില്‍ എവര്‍ട്ടണിനെതിരായ ആദ്യ മത്സരത്തില്‍ തന്നെ ലിവര്‍പൂള്‍ ഗോള്‍ രഹിത സമനില വഴങ്ങി. ലീഗിലെ ഈ സീസണില്‍ ലിവര്‍പൂളിന്‍റെ രണ്ടാമത്തെ മാത്രം സമനിലയാണ് ഇത്. ഇതേവരെ കളിച്ച 30 കളികളില്‍ 29-തും വിജയിച്ചപ്പോള്‍ രണ്ട് സമനിലയും ഒരു പരാജയവും മാത്രമാണ് ലിവര്‍പൂള്‍ വഴങ്ങിയത്.
രണ്ട് ജയങ്ങള്‍ കൂടി സ്വന്തമാക്കിയാല്‍ ലിവര്‍പൂളിന് ഇപിഎല്‍ കിരീടം സ്വന്തമാക്കാം. ലീഗില്‍ ഇനി എട്ട് മത്സരങ്ങളാണ് ചെമ്പടക്ക് ശേഷിക്കുന്നത്. ഹോം ഗ്രൗണ്ടായ ആന്‍ഫീല്‍ഡില്‍ വ്യാഴാഴ്ച പുലര്‍ച്ചെ നടക്കുന്ന അടുത്ത മത്സരത്തില്‍ ക്രിസ്റ്റല്‍ പാലസാണ് എതിരാളികള്‍. നിലവില്‍ ഇപിഎല്ലില്‍ 23 പോയിന്‍റിന്‍റെ മുന്‍തൂക്കവുമായി ലിവര്‍പൂളാണ് മുന്നില്‍. 83 പോയിന്‍റുമായി ലിവര്‍പൂള്‍ ഒന്നാമതും 60 പോയിന്‍റുള്ള നിലവിലെ ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റി രണ്ടാമതുമാണ്.