ലണ്ടന്‍: പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരായ ലിവര്‍പൂള്‍ കിരീടം നിലനിര്‍ത്താന്‍ സാധ്യതയില്ലെന്ന് ജര്‍മന്‍ പരിശീലകന്‍ യുര്‍ഗന്‍ ക്ലോപ്പ്. ചെമ്പടയുടെ മങ്ങിയ പ്രകടനത്തിന്‍റെ പശ്ചാത്തലത്തിലാണ് ക്ലോപ്പിന്‍റെ പ്രതികരണം. സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കും യുണൈറ്റഡിനും സമാനമായ കുതിപ്പ് നടത്താന്‍ ആന്‍ഫീല്‍ഡിലെ കരുത്തര്‍ക്കായിട്ടില്ല. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ക്ലോപ്പിന്‍റെ വിശദീകരണം.
കൂടുതല്‍ വായനക്ക്:ലെസ്റ്ററിന് സമനില; കപ്പിനോടടുത്ത് സിറ്റി
പരിക്കിന്‍റെ പിടിയിലായ ലിവര്‍പൂളിന്‍റെ ഭാഗത്ത് നിന്നും കഴിഞ്ഞ സീസണിലേതിന് സമാന മുന്നേറ്റം ഉണ്ടായിട്ടില്ല. ഇത്തവണ ചെമ്പട ലീഗിലെ പോയിന്‍റ് പട്ടികയില്‍ ആറാം സ്ഥാനത്താണ്. ലിവര്‍പൂള്‍ കടന്ന് പോയിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങള്‍ക്ക് തങ്ങളെല്ലാവരും ഉത്തരവാദികളാണ്. കഴിഞ്ഞ സീസണുകളില്‍ ലീഗ് മത്സരങ്ങളിലും ടൂര്‍ണമെന്‍റുകളിലും ശക്തമായ മുന്നേറ്റം നടത്താന്‍ സാധിച്ചിരുന്നു. മോശം സമയത്തിലൂടെയാണ് താനും ക്ലബും കടന്ന് പോയികൊണ്ടിരിക്കുന്നതെന്നും യുര്‍ഗന്‍ ക്ലോപ്പ് കൂട്ടിച്ചേര്‍ത്തു.
ടേബിള്‍ ടോപ്പറായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് രണ്ട് ജയങ്ങള്‍ക്കപ്പുറം കിരീടം ഉറപ്പാക്കാം. കൂടാതെ ചാമ്പ്യന്‍സ് ലീഗിന്‍റെ ഫൈനല്‍ സാധ്യതകളും സിറ്റിക്ക് മുന്നില്‍ സജീവമാണ്. മറുഭാഗത്ത് യൂറോപ്പ ലീഗിന്‍റെ ഫൈനല്‍ പ്രവേശം ഇതിനകം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഉറപ്പിച്ചുകഴിഞ്ഞു.