ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സതാംപ്‌റ്റണിന്‍റെ വല നിറച്ച് ടോട്ടന്‍ഹാം. ഹോം ഗ്രൗണ്ടില്‍ ഗാരത് ബെയിലിന്‍റെ ഹാട്രിക് മികവില്‍ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്കാണ് ടോട്ടന്‍ഹാമിന്‍റെ ജയം. ഇതോടെ 50 പ്രീമിയര്‍ ലീഗ് ഗോളുകളെന്ന നേട്ടവും ബെയില്‍ സ്വന്തമാക്കി.
ഇടക്കാല പരിശീലകന്‍ മേസണ് കീഴില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ടോട്ടന്‍ഹാമിന് മുന്നില്‍ നിസഹായരായി നില്‍ക്കാനെ സതാംപ്‌റ്റണായുള്ളു. ഫസ്റ്റ് ഹാഫിലാണ് ഗാരത് ബെയില്‍ ആദ്യം വല കുലുക്കിയത്. പിന്നാലെ രണ്ടാം പകുതിയില്‍ എട്ട് മിനിട്ടിന് ഇടയില്‍ രണ്ട് ഗോളുകള്‍ കൂടി ആ കാലില്‍ നിന്നും പിറന്നു. ദക്ഷിണ കൊറിയന്‍ ഫോര്‍വേഡ് സണ്‍ഹ്യൂമിന്‍ ടോട്ടന്‍ഹാമിന് വേണ്ടി നാലാമതും വല ചലിപ്പിച്ചു. 4-2-3-1 ഫോര്‍മാറ്റില്‍ കളിച്ച ടോട്ടന്‍ഹാമിന്‍റെ തന്ത്രങ്ങള്‍ക്ക് മുന്നില്‍ ഹെക്കിങ്ബോട്ടത്തിന്‍റെ ശിഷ്യന്‍മാര്‍ നിരായുധരായി.
ലീഗിലെ മറ്റൊരു മത്സരത്തില്‍ ന്യൂകാസല്‍ യുണൈറ്റഡിനെ മറുപടിയില്ലാത്ത രണ്ട് ഗോളിന് ആഴ്‌സണല്‍ പരാജയപ്പെടുത്തി. മുഹമ്മദ് എല്‍നെയ്, ഒബുമയാങ് എന്നിവര്‍ ഗണ്ണേഴ്‌സിനായി വല കുലുക്കി. നിശ്ചിത സമയത്ത് കളി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ശേഷിക്കെ ന്യൂകാസലിന്‍റെ ഫാബിയന്‍ സ്‌ചാര്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. ഇതേ തുടര്‍ന്ന് പത്തുപേരുമായാണ് ന്യൂകാസല്‍ അധികസമയത്ത് കളി പൂര്‍ത്തിയാക്കിയത്.