ലണ്ടന്‍: കൊവിഡ് മഹാമാരിയെ തുടർന്നുള്ള ലോക്ക് ഡൗണ്‍ കാലത്ത് വീട്ടിലിരുന്ന് പരിശീലനം നടത്തുന്നതും ഫിറ്റ്നസ് നിലനിർത്തുന്നതും ക്ലേശകരമാണെന്ന് ക്രൊയേഷ്യന്‍ ഫുട്‌ബോൾ താരം ദെയാന്‍ ലോവ്‌റന്‍. പ്രീമിയർ ലീഗ് വമ്പന്‍മാരായ ലിവർപൂളിന്‍റെയും ക്രൊയേഷ്യന്‍ ദേശീയ ടീമിന്‍റെയും പ്രതിരോധ താരമാണ് ലോവ്‌റന്‍. പരിശീലനം തൃപ്തികരമായി ചെയ്യാന്‍ സാധിക്കാത്തതിനാല്‍ മാനസിക പിരിമുറുക്കം അനുഭവിച്ചെന്നും താരം പറയുന്നു.
46 ദിവസമായി വീട്ടില്‍ അടച്ചിരിക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. മാനസിക പ്രശ്‌നങ്ങളാണ് പ്രധാന വെല്ലുവിളി. സ്വന്തം നിലയില്‍ കഴിയാവുന്നത്ര പരിശീലനം നടത്തി. മകനോടൊപ്പം പുരയിടത്തില്‍ അല്‍പ്പനേരം പരിശീലിക്കും. പക്ഷേ ടീമിനോടൊപ്പമുള്ള പരിശീലനം തീർത്തും വ്യത്യസ്ഥമാണ്. 90 മിനുട്ട് ഗ്രൗണ്ടില്‍ നിരന്തരം പരിശീലിക്കുന്നതിന് പകരമാവില്ല മറ്റൊന്നുമെന്നും ദെയാന്‍ ലോവ്‌റന്‍ കൂട്ടിച്ചേർത്തു. നിലവില്‍ കൊവിഡ് 19-നെ തുടർന്ന് ആഗോള തലത്തില്‍ ഫുട്‌ബോൾ മത്സരങ്ങളെല്ലാം താറുമാറായി കിടക്കുകയാണ്. ഇതിന് യുവേഫയും ഫിഫയും ചേർന്ന് ഒരു പരിഹാര മാർഗം ഉണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.