കോപ്പൻഹേഗൻ : യൂറോ കപ്പില്‍ ജൂൺ 17ന് നടന്ന ഡെന്മാർക്ക്-ബെൽജിയം മത്സരം കാണാനെത്തിയവരോട് കൊവിഡ് പരിശോധന നടത്താൻ ആവശ്യപ്പെട്ട് ഡെന്മാർക്ക് ആരോഗ്യ മന്ത്രാലയം. മത്സരത്തിനെത്തിയ മൂന്ന് കാണികളിൽ കൊവിഡിന്‍റെ വകഭേദമായ ഡെൽറ്റ വൈറസ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് നിർദേശം.
സ്റ്റേഡിയത്തിലുണ്ടായിരുന്നത് 25,000 കാണികൾ
വൈറസ് സ്ഥിരീകരിച്ചവര്‍ക്ക് ചുറ്റും ഏകദേശം 4,000 കാണികൾ ഇരുന്നിരുന്നതായി ഡാനിഷ് ആരോഗ്യ മന്ത്രി മാഗ്നസ് ഹ്യുനിക്കെ ട്വീറ്റ് ചെയ്തു. അതേസമയം കോപ്പൻഹേഗനിൽ നടന്ന മൂന്ന് മത്സരങ്ങളും കാണാനെത്തിയവര്‍, തങ്ങള്‍ക്ക് രോഗം ബാധിച്ചിട്ടില്ലെന്ന രേഖകള്‍ സമർപ്പിച്ചാൽ മാത്രമേ പാർക്കൻ സ്റ്റേഡിയത്തിൽ നടക്കുന്ന അടുത്ത മത്സരങ്ങൾക്ക് പ്രവേശനം അനുവദിക്കൂ.
also read: 'വെംബ്ലിയിലേക്ക് പോകരുത്'; ജര്‍മ്മന്‍ ആരാധകര്‍ക്ക് വിദഗ്‌ദരുടെ മുന്നറിയിപ്പ്
രാജ്യത്തെ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതിനെ തുടര്‍ന്ന് ഡെന്മാർക്ക്-ബെൽജിയം മത്സരത്തിനായി 25,000 ആരാധകർക്ക് പ്രവേശനം നൽകിയിരുന്നു. രോഗം സ്ഥിരീകരിച്ചവരെല്ലാം തന്നെ മത്സരത്തിനിടയിൽ രോഗം ബാധിച്ചവരാണെന്ന് ഡാനിഷ് ഏജൻസി ഫോർ പേഷ്യന്‍റ് സേഫ്റ്റി തലവൻ പ്രതികരിച്ചു.
ഡെന്മാർക്കിൽ 247 ഡെൽറ്റ കേസുകള്‍
ഏപ്രിൽ രണ്ട് മുതൽ ഡെന്മാർക്കിൽ 247 ഡെൽറ്റ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ഡാനിഷ് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ രോഗം സ്ഥിരീകരിച്ചവര്‍ ഡാനിഷ് പൗരന്മാര്‍ തന്നെയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
അതേസമയം ജൂണ്‍ 28ന് നടക്കുന്ന സ്പെയിൻ-ക്രൊയേഷ്യ മത്സരം കോപ്പൻഹേഗനിലാണ് നടക്കുക. ജൂണ്‍ 26നാണ് ആംസ്റ്റർഡാമിൽ ഡെന്മാർക്കിന്‍റെ പ്രീക്വാര്‍ട്ടര്‍ മത്സരം. വെയിൽസാണ് എതിരാളികള്‍.