റോം: കായിക താരങ്ങൾ വൻ വിലയുള്ള വാഹനങ്ങൾ വാങ്ങുന്നത് പുതിയ കാര്യമല്ല. എന്നാല്‍ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ കാർ വാങ്ങി ആഘോഷിച്ചത് ഇറ്റാലിയന്‍ ഫുട്ബോള്‍ ലീഗായ സീരി എയിലെ കിരീടനേട്ടമാണ്. 83.34 കോടി നല്കി ബുഗാട്ടിയുടെ സൂപ്പര്‍ കാര്‍ മോഡലായ ചെന്റോഡിയെച്ചിയാണ് റൊണാള്‍ഡോയുടെ സൂപ്പര്‍ കാര്‍ ഗാരേജിലേക്ക് എത്തുന്ന പുതിയ അതിഥി.
ലോകത്ത് പത്ത് പേര്‍ക്ക് വേണ്ടി മാത്രമാണ് ബുഗാട്ടി ഈ കാര്‍ നിര്‍മിക്കുന്നതെന്ന് അറിയുമ്പോഴാണ് കൗതുകം വര്‍ദ്ധിക്കുക. നിര്‍മാണം പൂര്‍ത്തിയായി 2021ല്‍ കമ്പനി കാര്‍ ക്രിസ്റ്റ്യാനോക്ക് കൈമാറും. 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ കാറിന് 2.4 സെക്കന്റ് മാത്രം മതി. മണിക്കൂറില്‍ 379 കിലോമീറ്റര്‍ വേഗത്തില്‍ ഓടിക്കാന്‍ കഴിയുമെന്നും നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.