ലീഡ്‌സ്: യുവന്‍റസിന്‍റെ സൂപ്പർ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വദേശമായ പോർച്ചുഗലില്‍ നിന്നും ഇറ്റലിയില്‍ തിരിച്ചെത്തി. അദ്ദേഹം സ്വകാര്യ ജെറ്റില്‍ കുടുംബസമേതം ടൂറിന്‍ വിമാനത്താവളത്തില്‍ വന്നിറങ്ങുകയായിരുന്നുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. അതേസമയം താരം ഇറ്റലിയില്‍ 14 ദിവസം ക്വാറന്‍റയിനില്‍ തുടരും.
ഇറ്റാലിയന്‍ സീരിഎയില്‍ വമ്പന്‍ ക്ലബാണ് യുവന്‍റസ്. യുവന്‍റസ് അവസാനമായി മാർച്ച് എട്ടിന് ഇന്‍റർമിലാന് എതിരെയാണ് കളിച്ചത്. അന്ന് അടച്ചിട്ട സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ യുവന്‍റസ് ഏകപക്ഷീയമായ രണ്ട് ഗോളുകളുടെ ജയം സ്വന്തമാക്കി. നിലവില്‍ സീരിഎ പോയിന്‍റ് പട്ടികയില്‍ ഒരു പോയിന്‍റിന്‍റെ മുന്‍തൂക്കവുമായി യുവന്‍റസാണ് ഒന്നാമത്. ലാസിയോയാണ് തൊട്ടുതാഴെ ഉള്ളത്.
കൊവിഡ് 19-നെ തുടർന്ന് ഇറ്റിലിയല്‍ എല്ലാ കായിക മത്സരങ്ങളും അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചിരിക്കുകയായിരുന്നു. ഇറ്റലിയില്‍ മാത്രം ഇതിനകം വൈറസ് ബാധയെ തുടർന്ന് 29,000 പേർ മരിച്ചു. ഇന്‍റർ മിലാന് എതിരായ മത്സരത്തിന് ശേഷം മാതാവിന് സ്‌ട്രോക്ക് വന്നതിനെ തുടർന്നാണ് റൊണാൾഡോ സ്വന്തം നാട്ടിലേക്ക് പോയത്.
തിങ്കഴാഴ്ച്ച മുതല്‍ സീരിഎയിലെ താരങ്ങൾക്ക് വ്യക്തിഗതമായ രീതിയില്‍ പരിശീലനം നടത്താന്‍ ഇറ്റാലിയന്‍ സർക്കാർ അനുവാദം നല്‍കിയിരുന്നു. ഇതേ തുടർന്നാണ് ക്രിസ്റ്റ്യാനോ ഉൾപ്പെടെ 10 താരങ്ങളെ യുവന്‍റസ് തിരിച്ചുവിളിച്ചിരിക്കുന്നത്. അതേസമയം ക്ലബ് അധികൃതർ പരിശീലനം തുടങ്ങുന്ന തിയ്യതി പ്രഖ്യാപിച്ചിട്ടില്ല.