റിയോ ഡിജനീറോ : ഫുട്‌ബോള്‍ ഇതിഹാസം പെലെയുടെ 77 അന്താരാഷ്‌ട്ര ഗോളുകളെന്ന നേട്ടത്തിനൊപ്പമെത്താന്‍ അര്‍ജന്‍റീനന്‍ സൂപ്പര്‍ ഫോര്‍വേഡിന് മുമ്പില്‍ ഒരു കടമ്പ കൂടി. ഒരു തവണ കൂടി എതിരാളികളുടെ വല കുലുക്കിയാല്‍ ലയണല്‍ മെസിക്ക് ഫുട്‌ബോള്‍ ഇതിഹാസത്തിന്‍റെ നേട്ടത്തിനൊപ്പമെത്താം.
കൊളംബിയക്കെതിരായ കോപ്പ അമേരിക്കയുടെ സെമി ഫൈനല്‍ പോരാട്ടമാണ് മെസിക്ക് മുമ്പില്‍ ഇനിയുള്ളത്. ജൂലൈ ഏഴിന് വൈകീട്ട് 6.30നാണ് മത്സരം. നേരത്തെ ഇക്വഡോറിനെതിരെ ഇഞ്ച്വറി ടൈമിലെ മൂന്നാം മിനിട്ടില്‍ തകര്‍പ്പന്‍ ഫ്രീ കിക്കിലൂടെയായിരുന്നു മെസിയുടെ ഗോള്‍.
രണ്ട് ഗോളുകള്‍ക്ക് അവസരം ഒരുക്കിയ ശേഷം വല കുലുക്കിയ മെസി അര്‍ജന്‍റീനക്കായി സെമി ഉറപ്പാക്കി. മത്സരത്തില്‍ അര്‍ജന്‍റീന എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ഇക്വഡോറിനെ പരാജയപ്പെടുത്തിയത്.
Also Read: മിശിഹ ഹൃദയത്തില്‍ ; റൊസാരിയോ ചിത്രം വരച്ചാഘോഷിക്കുന്നു
അതേസമയം വ്യക്തിഗത നേട്ടങ്ങള്‍ക്കപ്പുറം ടീമാണ് പ്രധാനമെന്ന് വ്യക്തമാക്കി മെസി ഇതിനകം രംഗത്ത് വന്നുകഴിഞ്ഞു. പെലെയുടെ റെക്കോഡിന് തൊട്ടരികെ എത്തിയതുമായി ബന്ധപ്പെട്ട ചോദ്യത്തിനുള്ള മറുപടി നല്‍കുകയായിരുന്നു മെസി.
വ്യക്തിഗത നേട്ടങ്ങള്‍ രണ്ടാമത്തെ കാര്യം മാത്രമാണ്. ടീമിനായുള്ള കൂട്ടായ പ്രവര്‍ത്തനത്തിനാണ് അംഗീകാരങ്ങള്‍ ലഭിക്കേണ്ടത്. ഇക്വഡോര്‍ വലിയ വെല്ലുവിളിയാണ് ഉയര്‍ത്തിയത്. എതിരാളികളുടെ മികവിനെ കുറിച്ച് അറിയാമായിരുന്നു. ഞങ്ങള്‍ ലക്ഷ്യത്തിലേക്ക് ഒരുപടികൂടി അടുത്തു. എനിക്കും എന്‍റെ രാജ്യത്തിനും ലക്ഷ്യം മറ്റൊന്നാണെന്നും മെസി കൂട്ടിച്ചേര്‍ത്തു.
കൊവിഡില്ലെങ്കില്‍ കളി കാണാന്‍ പെലെയും
മെസി പെലെയുടെ റെക്കോഡിനൊപ്പമെത്തുമ്പോള്‍ രണ്ട് തലമുറകളും രണ്ട് രാജ്യങ്ങളിലെ ഫുട്‌ബോള്‍ സംസ്‌കാരവും കൂടിയാകും മുഖാമുഖം വരിക. രണ്ട് കാലഘട്ടങ്ങളിലെ കളിയും കളിമികവും ഇഴചേര്‍ത്ത് ആസ്വദിക്കാനുള്ള അവസരം മെസിയുടെ കാലുകള്‍ കോപ്പയില്‍ ഒരുക്കിത്തരുമെന്ന് പ്രതീക്ഷിക്കാം.
കൊവിഡിന്‍റെ നിയന്ത്രണങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സ്വന്തം നാട്ടില്‍ നടക്കുന്ന ആ നിമിഷം ആസ്വദിക്കാനായി പെലെ ഗാലറിയില്‍ എത്തുന്നതും കാണാന്‍ സാധിക്കുമായിരുന്നു. കൊവിഡിനെ തുടര്‍ന്ന് അടച്ചിട്ട സ്റ്റേഡിയത്തിലാണ് ഇത്തവണ കോപ്പ അമേരിക്ക പോരാട്ടങ്ങള്‍ നടക്കുന്നത്.