ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ചെല്‍സിയുടെ ട്രാൻസ്ഫർ വിലക്ക് തുടരും. രണ്ട് വര്‍ഷം വിലക്കേര്‍പ്പെടുത്തിയ നടപടിക്കെതിരെ ചെൽസി അപ്പീൽ നൽകിയെങ്കിലും ഫിഫ തള്ളിയതോടെയാണ് വിലക്ക് തുടരുന്നത്. 18 വയസ്സിൽ താഴെയുള്ള താരങ്ങളെ ടീമിലെത്തിച്ചപ്പോൾ വരുത്തിയ നിയമലംഘനമാണ് ചെല്‍സിക്ക് തിരിച്ചടിയായത്.
പരിശീലകന്‍ മൗറീസ്യോ സാറിക്ക് കീഴില്‍ സീസണിൽ മോശം തുടക്കമാണ് ചെൽസിക്ക് ലഭിച്ചതെങ്കിലും സീസൺ അവസാനിക്കാറായപ്പോൾ ചാമ്പ്യൻസ് ലീഗ് യോഗ്യതയും മൂന്നാം സ്ഥാനവും ലീഗിൽ നേടിയെടുക്കാൻ ക്ലബ്ബിനായി. എന്നാല്‍ ട്രാൻസ്ഫർ വിൻഡോയിൽ വിലക്ക് തുടരുന്നത് ടീമിന്‍റെ അടുത്ത സീസണിലെ പ്രതീക്ഷകളെ തകിടം മറിച്ചിരിക്കുകയാണ്.
നേരത്തെ ബാഴ്‌സലോണ, റയല്‍ മാഡ്രിഡ് തുടങ്ങിയ ക്ലബ്ബുകൾക്കും വിലക്ക് നേരിട്ടെങ്കിലും ഇതില്‍ ഇളവ് ലഭിച്ചിരുന്നു. സൂപ്പർ താരം ഈഡൻ ഹസാര്‍ഡ് ക്ലബ്ബുവിടാൻ ഒരുങ്ങുന്ന സാഹചര്യത്തിൽ വിലക്ക് തിരിച്ചടിയായേക്കും. എങ്കിലും കഴിഞ്ഞ വിൻഡോയിൽ ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്നും ക്രിസ്റ്റ്യൻ പുലിസിച്ചിനെ ചെൽസി ടീമിലെത്തിച്ചതിനാൽ താരം ഹസാർഡിന് പകരക്കാരനായേക്കും.