ചാമ്പ്യന്‍സ് ലീഗിലെ അവസാന റൗണ്ട് ഗ്രൂപ്പ് മത്സരത്തില്‍ ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് കാലിടറി. ഗ്രൂപ്പ് എയില്‍ നടന്ന മത്സരത്തില്‍ ജര്‍മ്മന്‍ ക്ലബ് ആര്‍ബി ലെപ്‌സിഗിനോടാണ് സിറ്റി തോല്‍വി വഴങ്ങിയത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് സിറ്റിയുടെ തോല്‍വി.
ഡൊമനിക് സൊബോസ്ലയി, ആന്ദ്രെ സില്‍വ എന്നിവരാണ് ലൈപ്‌സിഗിനായി ലക്ഷ്യം കണ്ടത്. സിറ്റിക്കായി റിയാദ് മെഹ്‌റസാണ് ഗോള്‍ നേടിയത്.
ലെപ്‌സിഗിന്‍റെ തട്ടകമായ റെഡ്‌ബുള്‍ അരീനയില്‍ നടന്ന മത്സരത്തിന്‍റെ 24ാം മിനിട്ടില്‍ തന്നെ സിറ്റിയെ പിന്നിലാക്കാന്‍ ജര്‍മന്‍കാര്‍ക്കായി. ലൈമറിന്‍റെ അസിസ്‌റ്റിലാണ് ഡൊമനിക് സൊബോസ്ലയി ലെപ്‌സിഗിനെ മുന്നിലെത്തിച്ചത്.
ഗോള്‍ വഴങ്ങിയതോടെ സിറ്റി ആക്രമണം കടുപ്പിച്ചെങ്കിലും ലെപ്‌സിഗിന്‍റെ പ്രതിരോധം മറികടക്കാനായില്ല. എന്നാല്‍ 71ാം ജര്‍മന്‍ ക്ലബ് ലീഡുയര്‍ത്തി. സില്‍വ നേടിയ ഈ ഗോളിന് വഴിയൊരുക്കിയത് എമിൽ ഫോർസ്ബർഗാണ്.
76ാം മിനിട്ടിലാണ് സിറ്റിയുടെ പട്ടികയിലെ ഗോള്‍ പിറന്നത്. സിന്‍ചെങ്കോയുടെ മികച്ച പാസിലാണ് മെഹ്‌റസിന്‍റെ ഗോള്‍ നേട്ടം. മത്സരത്തിന്‍റെ 82ാം മിനിട്ടില്‍ കെയ്‌ല്‍ വാക്കര്‍ ചുവപ്പ് കണ്ട് പുറത്ത് പോയത് സിറ്റിക്ക് തിരിച്ചടിയായി.
വിജയത്തോടെ യൂറോപ്പ ലീഗിന് യോഗ്യത ഉറപ്പിക്കാന്‍ ലെപ്‌സിഗിനായി. ആറ് മത്സരങ്ങളില്‍ നിന്നും രണ്ട് വിജയമടക്കം ഏഴ് പോയിന്‍റ് നേടി മൂന്നാം സ്ഥാനത്തെത്തിയാണ് സംഘം യൂറോപ്പ ലീഗിന് ടിക്കറ്റ് ഉറപ്പിച്ചത്. മത്സരത്തില്‍ തോല്‍വി വഴങ്ങിയെങ്കിലും ആറ് മത്സരങ്ങളില്‍ നാല് വിജയങ്ങളുള്ള സിറ്റി തന്നെയാണ് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത്.
12 പോയിന്‍റാണ് ടീമിനുള്ളത്. നേരത്തെ തന്നെ ചാമ്പ്യൻസ് ലീഗ് പ്രീക്വാര്‍ട്ടറുറപ്പിക്കാന്‍ സിറ്റിക്കായിരുന്നു. ഗ്രൂപ്പില്‍ നിന്നും രണ്ടാം സ്ഥാനക്കാരായി പിഎസ്‌ജിയാണ് അവസാന 16ലെത്തിയ മറ്റൊരു ക്ലബ്.