ഇംഗ്ലണ്ട്: മൂന്ന് പതിറ്റാണ്ടോളം നീണ്ട കാത്തിരിപ്പിനൊടുവില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കി ലിവര്‍പൂള്‍. ഇന്നലെ പുലര്‍ച്ചെ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ ചെല്‍സിക്ക് എതിരായ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി പരാജയപ്പെട്ടതോടെയാണ് കയ്യെത്തും ദൂരത്തെത്തിയ കിരീടം ലീവര്‍പൂള്‍ ഉറപ്പിച്ചത്. കഴിഞ്ഞ ദിവസം ക്രിസ്റ്റല്‍ പാലസിനെ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയ ചെമ്പടക്ക് സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലെ മത്സര ഫലം കാത്തിരിക്കുക മാത്രമെ വേണ്ടി വന്നുള്ളൂ. പുലര്‍ച്ചെ നടന്ന സിറ്റിക്കെതിരായ മത്സരത്തില്‍ ചെല്‍സിക്ക് വേണ്ടി ക്രിസ്റ്റ്യന്‍ പുലിസിച്ച്, വില്ല്യന്‍ എന്നിവര്‍ ഗോള്‍ നേടി. സിറ്റിക്ക് വേണ്ടി കെവിന്‍ ഡി ബ്രൂയ്നിന്‍ ആശ്വാസ ഗോള്‍ നേടി. 77ാം മിനിട്ടില്‍ ഫെര്‍ണാണ്ടിഞ്ഞോ ചുവപ്പ് കാര്‍ഡ് കിട്ടി പുറത്തായതിനെ തുടര്‍ന്ന് പത്ത് പേരുമായാണ് സിറ്റി മത്സരം പൂര്‍ത്തിയാക്കിയത്.
ഇപിഎല്ലില്‍ ഏഴ് മത്സരങ്ങള്‍ ശേഷിക്കെയാണ് ചെമ്പടയുടെ കിരീട ധാരണം. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിയേക്കാള്‍ 22 പോയിന്‍റിന്‍റെ ലീഡാണ് ലിവര്‍പൂളിന് ഉള്ളത്. 31 മത്സരങ്ങളില്‍ നിന്നും 86 പോയിന്‍റാണ് ആന്‍ഫീല്‍ഡിലെ ചുണക്കുട്ടികള്‍ സ്വന്തമാക്കിയത്. ഇപിഎല്ലില്‍ ഇതേവരെ ഒരു ടീമും ജൂണില്‍ കിരീടം സ്വന്തമാക്കിയിട്ടില്ല. 31 മത്സരങ്ങളില്‍ നിന്നും 28 ജയങ്ങളും രണ്ട് സമനിലയും അടക്കം ആധികാരിക വിജയമാണ് സീസണില്‍ ചെമ്പട നേടിയെടുത്തത്.
മുമ്പ് ഫസ്റ്റ് ഡിവിഷന്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ലീഗിലെ കിരീടം 18 തവണ സ്വന്തമാക്കി ലിവര്‍പൂള്‍ റെക്കോഡ് നേടിയ ശേഷം ആദ്യമായാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മുത്തമിടുന്നത്. 1992-ല്‍ പ്രീമിയര്‍ ലീഗ് ആരംഭിച്ച ശേഷം ഇത് ആദ്യമായാണ് ലിവര്‍പൂള്‍ കിരീടം സ്വന്തമാക്കുന്നത്. നേരത്തെ 2014-ല്‍ സ്റ്റീഫന്‍ ജെറാള്‍ഡിന്‍റെ നേതൃത്വത്തില്‍ കളിച്ച ലിവര്‍പൂളിന് രണ്ട് പോയിന്‍റിന്‍റെ വ്യത്യാസത്തിന് കിരീടം നഷ്ടമായിരുന്നു. ജര്‍മന്‍ പരിശീലകന്‍ യൂര്‍ഗന്‍ ക്ലോപ്പ് ആന്‍ഫീല്‍ഡില്‍ കളി പഠിപ്പിക്കാനെത്തിയതോടെയാണ് ലിവറിന്‍റെ ജാതകം മാറിയത്. ക്ലോപ്പിന് കീഴില്‍ ചെമ്പട കിരീടങ്ങള്‍ ഓരോന്നായി തിരിച്ച് പിടിക്കാന്‍ തുടങ്ങി. ചാമ്പ്യന്‍സ് ലീഗും ക്ലബ് ലോകകപ്പും ക്ലോപ്പിന് കീഴില്‍ തിരിച്ചുപിടിച്ച ലിവര്‍പൂള്‍ ഇപ്പോള്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗും സ്വന്തമാക്കി. കഴിഞ്ഞ വര്‍ഷം മാഞ്ചസ്റ്റര്‍ സിറ്റിയോട് ഒരു പോയിന്‍റ് വ്യത്യാസത്തിലാണ് ലിവര്‍പൂളിന് ഇപിഎല്‍ കിരീടം നഷ്ടമായത്.
പുലര്‍ച്ചെ സ്റ്റാന്‍ഫോര്‍ഡ് ബ്രിഡ്ജില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ തന്നെ ആന്‍ഫീല്‍ഡില്‍ ലിവര്‍പൂള്‍ ആഹ്ളാദരാവങ്ങള്‍ക്ക് തുടക്കമായി. അതേസമയം കൊവിഡ് 19 ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളെ തുടര്‍ന്ന് ആഘോഷങ്ങള്‍ക്ക് ആരാധകര്‍ അവധി കൊടുത്തിരിക്കുകയാണ്.