സൂറിച്ച്: കോൺഫെഡറേഷൻ ഓഫ് ആഫ്രിക്കൻ ഫുട്ബോൾ (സിഎഎഫ്) പ്രസിഡന്‍റ് അഹ്മദ് അഹ്മദിനെ ഫിഫ വിലക്കി. അഞ്ച് കൊല്ലത്തേക്കാണ് വിലക്ക്. ഫിഫയുടെ സ്വതന്ത്ര എത്തിക്സ് കമ്മിറ്റി അഹ്മദ് അഹ്മദിനെ സാമ്പത്തിക ദുരുപയോഗത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.
ഫിഫ കോഡ് എത്തിക്‌സിന്‍റെ 2020 പതിപ്പിന്‍റെ ആർട്ടിക്കിൾ 15 (ലോയൽറ്റി ഡ്യൂട്ടി), ആർട്ടിക്കിൾ 20 (സമ്മാനങ്ങളും മറ്റ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുകയും സ്വീകരിക്കുകയും ചെയ്യുക), ആർട്ടിക്കിൾ 25 (സ്ഥാനം ദുരുപയോഗം) എന്നിവ ലംഘിച്ചതിനാണ് അഹ്മദ് അഹ്മദ് ഫിഫ വിലക്കിയത്.
അഹ്മദ് സിഎഎഫ് പ്രസിഡന്‍റ് സ്ഥാനത്തിരുന്ന 2017 മുതൽ 2019 വരെയുള്ള കാലയളവിൽ അഹ്മദിന്‍റെ ഇടപെടലുകളെ കുറിച്ചുളള അന്വേഷണമാണ് നടന്നത്. മക്കയിലേക്കുള്ള തീർത്ഥാടനത്തിന്‍റെ ഓർഗനൈസേഷനും ധനസഹായവും, സിഎഎഫുമായി ബന്ധപ്പെട്ട വിവിധ ഭരണ പ്രശ്നങ്ങളെക്കുറിച്ച്, സ്പോർട്സ് ഉപകരണ കമ്പനിയായ ടാക്റ്റിക്കലുമായി സിഎഎഫിന്‍റെ ഇടപാടുകളിൽ അദ്ദേഹത്തിന്‍റെ പങ്കാളിത്തം എന്നിവയെ കുറിച്ചുളള അന്വേഷണമാണ് നടന്നതെന്ന് , ഫിഫ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.
അന്വേഷണ സംഘം ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ, അഹ്മദ് തന്‍റെ കടമ ലംഘിച്ചതായും സമ്മാനങ്ങളും മറ്റ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്തതായും ഫണ്ടുകൾ ദുരുപയോഗം ചെയ്തതായും ഫിഫയ്ക്ക് അനുസൃതമായി സി എ എഫ് പ്രസിഡന്‍റ് എന്ന നിലയിലുള്ള തന്‍റെ സ്ഥാനം ദുരുപയോഗം ചെയ്തതായും ഫിഫയുടെ വിധിന്യായ ചേംബർ പറഞ്ഞു. ദേശീയ, അന്തർദേശീയ തലത്തിൽ ഫുട്ബോളുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിൽ നിന്നും അഞ്ച് വർഷത്തേക്ക് വിലക്കിയതിനൊപ്പം, അഹ്മദിന് 200,000 സിഎച്ച്എഫ് (സ്വിസ് ഫ്രാങ്ക്) പിഴയും ചുമത്തിയിട്ടുണ്ട്.