റിയോ ഡി ജനീറോ : ഈ വര്‍ഷത്തെ കോപ്പ അമേരിക്ക ടൂര്‍ണമെന്‍റ് ബ്രസീലില്‍ നടത്തുമെന്ന് സൗത്ത് അമേരിക്കൻ ഫുട്ബോൾ കോൺഫെഡറേഷൻ (കോൻമെബോൽ). ടൂര്‍ണമെന്‍റിന്‍റെ ആരംഭ-അവസാന തിയ്യതികള്‍ നിശ്ചയിച്ചിട്ടുണ്ടെന്നും ആതിഥേയ നഗരങ്ങളും മത്സരക്രമവും പിന്നീട് അറിയിക്കുമെന്നും സംഘടന അറിയിച്ചു. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നടത്തിപ്പില്‍ നിന്നും അര്‍ജന്‍റീന പിന്മാറിയതോടെയാണ് മത്സരങ്ങള്‍ക്കായി കോൺഫെഡറേഷൻ പുതിയ വേദി നിശ്ചയിച്ചത്.
ജൂണ്‍ 13 മുതല്‍ ജൂലെെ 10 വരെയായിരിക്കും ടൂര്‍ണമെന്‍റ് . നേരത്തെ അര്‍ജന്റീനയിലും കൊളംബിയയിലും സംയുക്തമായി ടൂര്‍ണമെന്‍റ് നടത്താനാണ് പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ആഭ്യന്തര കലാപത്തെ തുടര്‍ന്ന് കൊളംബിയ പിന്‍വാങ്ങി. തുടര്‍ന്ന് പൂര്‍ണമായി ആതിഥേയത്വം വഹിക്കാന്‍ തയ്യാറാണെന്ന് അര്‍ജന്‍റീന പ്രഖ്യാപിച്ചു.
also read: ഏഷ്യന്‍ ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ മേരി കോമിന് വെള്ളി
എന്നാല്‍ കൊവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ധിച്ചതിനെ തുടര്‍ന്ന് അര്‍ജന്‍റീനയില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അതേസമയം കൊവിഡിനെ തുടര്‍ന്ന് ബ്രസീലില്‍ ഇതുവരെ 4,50,000 ല്‍ കൂടുതല്‍ ആളുകള്‍ മരിച്ചിട്ടുണ്ട്. കൂടാതെ നിലവിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെയും മരണങ്ങളുടെയും എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുമാണ്. 2019ലും ബ്രസീലിലായിരുന്നു ടൂര്‍ണമെന്‍റ് അരങ്ങേറിയത്.