മിലാൻ: ഫിഫ മികച്ച ഫുടബോളർ പുരസ്‌കാരം ഇന്ന് പ്രഖ്യാപിക്കും. മികച്ച പുരുഷ - വനിത താരങ്ങൾ ഉൾപെടെ പത്ത് വിഭാഗങ്ങളിലാണ് പുരസ്‌കാരങ്ങൾ സമ്മാനിക്കുന്നത്.
ലയണല്‍ മെസി, ക്രിസ്റ്റ്യാനോ റൊണാൾഡോ, വിർജില്‍ വാൻ ഡെയ്‌ക് എന്നിവരാണ് മികച്ച പുരുഷ താരത്തിനുള്ള അന്തിമ പട്ടികയില്‍ ഉൾപെട്ടിരിക്കുന്നത്. യുവേഫയുടെ മികച്ച ഫുട്ബോളറായി തിരഞ്ഞെടുക്കപെട്ട ലിവർപൂൾ താരമാണ് വാൻ ഡെയ്‌ക്.
കഴിഞ്ഞ ഒരു പതിറ്റാണ്ടിലെ പതിവ് തെറ്റിച്ച് കഴിഞ്ഞ വർഷം ക്രൊയേഷ്യൻ നായകൻ ലൂക്ക മോഡ്രിച്ച് പുരസ്‌കാരത്തിന് അർഹനായിരുന്നു. മെസിയും റൊണാൾഡോയുമാണ് കുറേ വർഷങ്ങളായി പുരസ്‌കാരം സ്വന്തമാക്കിയിരുന്നത്. ഇത്തവണയും സൂപ്പർ താരങ്ങളെക്കാൾ സാധ്യത നെതർലൻഡ്‌സ് താരം വാൻ ഡെയ്‌കിനാണ്. മെസിയെയും റൊണാൾഡോയെയും മറികടന്ന് വാൻ ഡെയ്‌കിനെ കഴിഞ്ഞ മാസം യൂറോപ്യൻ ഫുട്ബോളർ ഓഫ് ദി ഇയറായി തിരഞ്ഞെടുത്തിരുന്നു. ഈ പുരസ്‌കാരം സ്വന്തമാക്കുന്ന ആദ്യ പ്രതിരോധ താരമായും വാൻ ഡെയ്‌ക് മാറി. ഫിഫ പുരസ്‌കാരം നേടിയാല്‍ ഇറ്റലിയുടെ ഫാബിയോ കന്നാവരോയ്‌ക്ക് ശേഷം ലോകത്തെ മികച്ച ഫുട്‌ബോളറാകുന്ന ഡിഫൻഡറാകും വാൻ ഡെയ്‌ക്.
വനിതകളില്‍ ലൂസി ബ്രോൺസ്, അലക്‌സ് മോർഗൻ, മെഗൻ റാപീനോ എന്നിവരാണ് മികച്ച താരത്തിനായി മത്സരിക്കുന്നത്. അലക്സ് മോർഗനും മെഗൻ റാപിനോയും അമേരിക്കൻ ദേശീയ ടീമിന്‍റെ നായികമാരാണ്. മികച്ച പുരുഷ പരിശീലക പുരസ്‌കാരത്തിനായി മാഞ്ചസ്റ്റർ സിറ്റിയുടെ പെപ് ഗ്വാർഡിയോള, ലിവർപൂളിന്‍റെ യൂർഗൻ ക്ലോപ്, ടോട്ടനത്തിന്‍റെ മൗറീഷ്യോ പൊച്ചെറ്റിനോ എന്നിവരാണുള്ളത്.