ഹൈദരാബാദ്: ഐഎസ്എല്‍ ആറാം സീസണിലെ ആദ്യ ജയം തേടി മുന്‍ ചാമ്പ്യന്‍മാർ ഇന്നിറങ്ങും. ഇന്ന് വൈകീട്ട് 7.30 ന് നടക്കുന്ന മത്സരത്തില്‍ ചെന്നൈയിന്‍ എഫ്‌സി നിലവിലെ ചാമ്പ്യന്‍മാരായ ബംഗളൂരു എഫ്‌സിയെ നേരിടും. ബംഗളൂരുവിന്‍റെ ഹോം ഗ്രൗണ്ടിലാണ് മത്സരം. ലീഗിലെ ആദ്യ മൂന്ന് കളിയിലും ബംഗളൂരു സമനില വഴങ്ങി. ബംഗളൂരുവിന് ഇന്ന് ജയം അനിവാര്യമാണ്. പരിശീലകന്‍ ചാൾസ് കുദ്രത്തിന്‍റെ നേതൃത്വത്തിലുള്ള ബംഗളൂരുവിനെ വലക്കുന്നത് പരിക്കും മുന്നേറ്റ നിരയുടെ മോശം പ്രകടനവുമാണ്. സുനില്‍ ഛേത്രിയും മാന്വല്‍ ഓന്‍വുവും ചേർന്ന മുന്നേറ്റ നിരയില്‍ നിന്നും പരിശീലകന്‍ കാൾസ് കുദ്രത്ത് കൂടുതല്‍ പ്രതീക്ഷിക്കുന്നുണ്ട്. പ്രതിരോധ നിരയിലെ ആല്‍ബർട്ട് ശേരനാണ് അവസാനമായി പരിക്കേറ്റത്.
മോശം തുടക്കം ലഭിച്ച ചെന്നൈയിന് ഇതേവരെ ഒരു ഗോളുപോലും നേടാനായിട്ടില്ല. ലീഗില്‍ ഒരു സമനിലയും രണ്ട് പരാജയവും ഏറ്റുവാങ്ങിയ ചെന്നൈയിന്‍ പോയന്‍റ് പട്ടികയില്‍ 10-ാം സ്ഥാനത്താണ്. എലി സാബിയയുടെയും ലൂസിയാന്‍ ഗൊയാന്‍റെയും നേതൃത്വത്തിലുള്ള പ്രതിരോധ നിരയാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. മൂർച്ചയില്ലാത്ത മുന്നേറ്റ നിരയാണ് പരിശീലകന്‍ ജോണ്‍ ഗ്രിഗറിയെ ആശങ്കയിലാക്കുന്നത്. നേരത്തെ അഞ്ച് തവണ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ രണ്ട് തവണ ബംഗളൂരുവും മൂന്ന് തവണ ചെന്നൈയിനും വിജയിച്ചു.