സെന്‍റ്പീറ്റേഴ്‌സ്ബർഗ് : ക്രെസ്റ്റോവ്‌സ്‌കി സ്റ്റേഡിയം സാക്ഷിയായത് റോമേലു ലുകാകുവിന്‍റെ മാസ്‌മരിക പ്രകടനത്തിന്. ചുവന്ന ചെകുത്താന്മാരെന്ന് വിശേഷണമുള്ള ബെൽജിയം കളം നിറഞ്ഞപ്പോള്‍ റഷ്യയ്ക്ക് സ്വന്തം മണ്ണിൽ തലതാഴ്ത്തേണ്ടിവന്നു. ഏതിരില്ലാത്ത മൂന്ന് ഗോളിനാണ് പരാജയം. അതിൽ രണ്ട് ഗോളുകൾ ലുകാകുവിന്‍റെ സംഭാവനയാണ്.
റഷ്യൻ പ്രതിരോധ നിരയുടെ പാളിച്ചകള്‍ കളിയുടെ തുടക്കം മുതൽ പ്രകടമായിരുന്നു. അത് മുതലാക്കിയാണ് ലുകാകുവിലൂടെ ബെൽജിയത്തിന് ആദ്യ ലീഡ് നേടാനായത്. 10-ാം മിനിട്ടിലായിരുന്നു ബെൽജിയത്തിന്‍റെ ആദ്യ ഗോൾ.
റഷ്യൻ പ്രതിരോധനിരയുടെ അശ്രദ്ധയാല്‍ പന്ത് ചെന്നെത്തിയത് ലുകാകുവിന്‍റെ കാലുകളിൽ. സമയം പഴാക്കാതെ താരം ലക്ഷ്യം കണ്ടു. ബെൽജിയം ഫുട്ബോളിന്‍റെ 'റോക്കി'യെന്ന് വിളിപ്പേരുള്ള റോമേലു ലുകാകു പിന്നീടങ്ങോട്ട് 'റോക്കിങ് സ്റ്റാറായി.
Also Read: യൂറോയില്‍ ആദ്യമായിറങ്ങിയ ഫിൻലാൻഡിന് വിജയത്തുടക്കം ; ഡെൻമാർക്കിന് നിരാശ
34-ാം മിനിട്ടിൽ റഷ്യക്കെതിരെ ബെൽജിയത്തിന്‍റെ അടുത്ത ഗോൾ. തോമസ് മ്യൂനിയറിന്‍റെ വകയായിരുന്നു അത്. ബെൽജിയം കോച്ച് റോബർട്ടോ മാർട്ടിനെസിന്‍റെ തീരുമാനം ശരിവയ്ക്കുന്നതായിരുന്നു ആ ഗോൾ.
കളിയുടെ 27-ാം മിനിട്ടിലായിരുന്നു തിമോത്തി കാസ്റ്റെയ്‌നു പകരം തോമസ് മ്യൂനിയറിനെ മാർട്ടിനെസിറക്കിയത്. ആദ്യ പകുതി അവസാനിച്ചപ്പോൾ ബെൽജിയം 2-0 ന് മുന്നില്‍.പക്ഷേ രണ്ടാം പകുതിയിൽ കളി കുറച്ചൊന്നു മാറി. റഷ്യ കളി കടുപ്പിച്ചു. അതേസമയം ബെൽജിയത്തിന്‍റെ പ്രകടനം കുറച്ചൊന്നു മങ്ങി.
ഇത് മുതലെടുക്കാൻ റഷ്യ പലപ്പോഴായി ശ്രമിച്ചെങ്കിലും പക്ഷേ ഫലം കണ്ടില്ല. തിരിച്ചുവരവിനുള്ള ശ്രമത്തിനായി റഷ്യ പകരക്കാരെ ഇറക്കികൊണ്ടിരുന്നപ്പോൾ ബെൽജിയം അധിപത്യത്തിനുള്ള ശ്രമങ്ങൾ തുടർന്നു. ഒടുവിൽ റഷ്യയുടെ ഹൃദയം തകർത്ത് ബെൽജിയത്തിന്‍റെ 'റോക്കി'ഭായി വീണ്ടും അവതരിച്ചു.
88-ാം മിനിട്ടിലായിരുന്നു ലുകാകുവിന്‍റെ രണ്ടാം ഗോൾ. വലതുവിങ്ങില്‍ നിന്ന് തോമസ് മ്യൂനിയറിന്‍റെ പാസ് സ്വീകരിച്ച ലുകാകു ഗോള്‍ തൊടുത്തു. ഗ്രൂപ്പ് ബി ക്കാരാണ് ഇരു രാജ്യങ്ങളും. ബെൽജിയത്തിന്‍റെ അടുത്ത ഏതിരാളി ഡെൻമാർക്കാണ്. റഷ്യ ഫിൻലാൻഡിനെയും നേരിടും.