നൗ ക്യാമ്പ്: ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ഫുട്ബോളിൽ നിന്ന് വിരമിച്ച സെർജിയോ അഗ്യൂറോക്ക് പകരക്കാരനായി അലക്‌സി സാഞ്ചെസ് ബാഴ്‌സലോണയിലേക്ക് എത്തുമെന്ന് റിപ്പോർട്ട്. ജനുവരിയിലെ ട്രാൻസ്‌ഫർ വിൻഡോയിലൂടെ നിലവിൽ ഇന്‍റർ മിലാൻ താരമായ സാഞ്ചെസിനെ ടീമിലെത്തിക്കാൻ ബാഴ്‌സ ശ്രമം തുടങ്ങിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഈ സീസണിന്‍റെ തുടക്കത്തിലാണ് മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് അഗ്യൂറോ ബാഴ്‌സയിലെത്തുന്നത്. ബാഴ്‌സയ്‌ക്കായി അഞ്ച് മത്സരങ്ങളിൽ നിന്ന് 165 മിനിട്ട് മാത്രമാണ് താരത്തിന് ഗ്രൗണ്ടിൽ ചെലവഴിക്കാൻ സാധിച്ചത്. കഴിഞ്ഞ ഒക്‌ടോബറിലാണ് അലാവെസിനെതിരായ മത്സരത്തിനിടെ അഗ്യൂറോയ്‌ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് നടത്തിയ വിദഗ്‌ദ പരിശോധനയിലാണ് താരത്തിന് ഹൃദ്രോഗം സ്ഥിരീകരിക്കുന്നത്.
ALSO READ: PREMIER LEAGUE: ന്യൂകാസിലിനെ തകർത്ത് ലിവർപൂൾ, സമനിലക്കുരുക്കുമായി ചെൽസി
അതേസമയം അഗ്യൂറോയുടെ വിരമിക്കൽ നൽകിയ തിരിച്ചടി സാഞ്ചെസിലൂടെ നികത്താനാണ് ബാഴ്‌സ ശ്രമിക്കുന്നത്. ട്രാൻസ്‌ഫർ വിൻഡോയിലൂടെ ലൂക്ക് ഡി യോങ്ങിനെ നൽകി നിലവിൽ ഇന്‍റർ മിലാന്‍റെ താരമായ സാഞ്ചെസിനെ തട്ടകത്തിലെത്തിക്കാനാണ് ബാഴ്‌സയുടെ ശ്രമം. 2011 മുതൽ 2014 വരെ ബാഴ്‌സയുടെ താരമായിരുന്നു സാഞ്ചെസ് ബാഴ്‌സക്ക് വേണ്ടി 141 മത്സരങ്ങളിൽ നിന്ന് 46 ഗോളുകളും 27 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.