മാഡ്രിഡ്: സ്‌പാനിഷ് ലാലിഗയില്‍ സെല്‍റ്റ വിഗോയെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ബാഴ്‌സലോണ. ആന്‍സു ഫാറ്റിയും പ്രതിരോധ താരം സെര്‍ജി റോബെര്‍ട്ടോയും ബാഴ്‌സക്കായി ഗോള്‍ നേടിയപ്പോള്‍ ലൂക്കാസ് ഒലാസയുടെ ഓണ്‍ ഗോളിലൂടെ മെസിയും കൂട്ടരും ലീഡ് മൂന്നാക്കി ഉയര്‍ത്തി. ആദ്യ പകുതിയിലെ 42ാം മിനിട്ടില്‍ ക്ലെമന്‍റ് ലാങ്‌ലെ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതിനെ തുടര്‍ന്ന് 10 പേരുമായാണ് ബാഴ്‌സലോണ മത്സരം പൂര്‍ത്തിയാക്കിയത്.
ലീഗില്‍ ബാഴ്‌സലോണയുടെ രണ്ടാമത്തെ ജയമാണിത്. നേരത്തെ ആദ്യ മത്സരത്തില്‍ വിയ്യാറയലിനെ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് കീഴടക്കിയിരുന്നു. സെവിയ്യക്ക് എതിരെയാണ് ലീഗില്‍ ബാഴ്‌സയുടെ അടുത്ത മത്സരം. മെസിക്കും കൂട്ടര്‍ക്കും സീസണില്‍ നല്ല തുടക്കം ലഭിച്ചതിന്‍റെ ആശ്വാസത്തിലാണ് പുതിയ പരിശീലകന്‍ റൊണാള്‍ഡ് കോമാന്‍.