റോം: ചാമ്പ്യന്‍സ് ലീഗിലെ വമ്പന്‍ പോരാട്ടത്തിന് ഇനി മണിക്കൂറുകള്‍ മാത്രം. സ്‌പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണയും ഇറ്റാലിയന്‍ കരുത്തരായ യുവന്‍റസും തമ്മിലുള്ള മത്സരത്തില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ബൂട്ട് അണിയാത്തത് ആരാധകര്‍ക്കിടയില്‍ നിരാശയുണ്ടാക്കുന്നുണ്ട്. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് റൊണാള്‍ഡോ സ്വന്തം തട്ടകത്തില്‍ നടക്കുന്ന മത്സരത്തില്‍ ബൂട്ട് അണിയാത്തത്. ഇറ്റാലിന്‍ സീരി എയില്‍ ജയിച്ച് മുന്നേറാന്‍ സാധിക്കാത്തത് ആന്ദ്രെ പിര്‍ലോയുടെ കീഴിലുള്ള യുവന്‍റസിനെ വലക്കുന്നുണ്ട്. ലീഗില്‍ അഞ്ച് മത്സരങ്ങളില്‍ രണ്ടില്‍ മാത്രമാണ് യുവന്‍റസിന് ജയിക്കാനായത്. റോണോയുടെ അഭാവത്തില്‍ ഇറ്റാലിയന്‍ താരം പൗലോ ഡിബാലയാകും യുവന്‍റസിന്‍റെ മുന്നേറ്റ നിരയിലെ ശ്രദ്ധാകേന്ദ്രം.
അതേസമയം ബാഴ്‌സക്ക് വേണ്ടി സൂപ്പര്‍ താരം ലയണല്‍ മെസി ബൂട്ടണിയും. ചാമ്പ്യന്‍സ് ലീഗിന്‍റെ ഗ്രൂപ്പ് തല യോഗ്യതാ മത്സരത്തില്‍ ഇരു ടീമുകളും ഗ്രൂപ്പ് ജിയിലാണ് ഇടം പിടിച്ചിരിക്കുന്നത്. എല്‍ക്ലാസിക്കോയില്‍ റയല്‍ മാഡ്രിഡിനോട് തോറ്റതിന്‍റെ ക്ഷീണം തീര്‍ക്കാന്‍ കൂടിയാണ് മെസിയും കൂട്ടരും ഇന്ന് ഇറങ്ങുന്നത്. ബ്രസീലിയന്‍ മധ്യനിര താരം ഫിലിപ്പ് കുട്ടിന്യോ പരിക്കേറ്റ് പുറത്തായത് പരിശീലകന്‍ റൊണാള്‍ഡ് കോമാന് തലവേദയാകും. അതേസമയം ആന്‍സു ഫാറ്റിയും പെഡ്രിയും ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് ഇന്ന് ടീമില്‍ അവസരം ലഭിക്കാന്‍ സാധ്യത കൂടുതലാണ്.
പിഎസ്‌ജി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ചെല്‍സി എന്നീ ക്ലബുകളും ഇന്ന് ചാമ്പ്യന്‍സ് ലീഗിന്‍റെ ഗ്രൂപ്പ് തല യോഗ്യതാ മത്സരങ്ങള്‍ക്ക് ബൂട്ടണിയും. റഷ്യന്‍ ക്ലബ് റാസ്‌നൊദാറിനെതിരെയാണ് ചെല്‍സിയുടെ മത്സരം. ഫ്രഞ്ച് വമ്പന്‍മാരായ പിഎസ്‌ജി ഇസ്‌താംബുള്‍ ബസാകസിറിനെയും യുണൈറ്റഡ് ലപ്‌സിഗിനെയും നേരിടും.