വാസ്‌കോ: പരിശീലകന്‍ കാര്‍ലസ് ക്വാഡ്രറ്റിനെ പുറത്താക്കി ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ മുന്‍ ചാമ്പ്യന്‍മാരായ ബെംഗളൂരു എഫ്‌സി. ബെംഗളൂരുവിന്‍റെ മോശം പ്രകടനത്തെ തുടര്‍ന്നാണ് ക്വാഡ്രറ്റിന്‍റെ സ്ഥാന നഷ്‌ടം. സഹ പരിശീലകന്‍ നൗഷാദ് മൂസക്ക് താല്‍ക്കാലിക ചുമതല നല്‍കി.
2018 മുതല്‍ ക്ലബിന്‍റെ ഭാഗമാണ് ക്വാഡ്രറ്റ്. ഐഎസ്‌എല്‍ കിരീടം ഉള്‍പ്പെടെ ഒരുപിടി റെക്കോഡുകള്‍ ബംഗളൂരുവിന് സമ്മാനിച്ചാണ് ക്വാഡ്രറ്റ് ബെംഗളൂരുവിനോട് വിട പറയുന്നത്. സ്‌പാനിഷ് പൗരനായ ക്വാഡ്രറ്റ് ബാഴ്‌സലോണ അക്കാദമിയായ ലാ മാസിയയില്‍ നിന്നാണ് കരിയര്‍ ആരംഭിക്കുന്നത്.
സീസണില്‍ ഇതിനകം തുടര്‍ച്ചയായി ബെംഗളൂരു മൂന്ന് മത്സരങ്ങളില്‍ പരാജയപ്പെട്ടിരുന്നു. അവസാനമായി മുംബൈക്കെതിരെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ബെംഗളൂരുവിന്‍റെ തോല്‍വി. ലീഗിലെ പോയിന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തുള്ള ബെംഗളൂരുവിന്‍റെ പേരില്‍ ഒമ്പത് മത്സരങ്ങളില്‍ നിന്നായി മൂന്ന് ജയവും മൂന്ന് സമനിലയുമാണുള്ളത്.