റോമാനിയ: യുറോ കപ്പിന്‍റെ ചരിത്രത്തിൽ ആദ്യമായി ഓസ്ട്രിയ പ്രീക്വാർട്ടർ റൗണ്ടിലേക്ക് കടന്നു. ഗ്രൂപ്പ്-സിയിലെ നിർണായക മത്സരത്തിൽ യുക്രൈനെ മറുപടിയില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചാണ് ഓസ്ട്രിയുടെ ജയം. ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരാണ് ഓസ്ട്രിയ. നെതർലന്‍റിന് പിന്നാലെയാണ് ഓസ്ട്രിയയും പ്രീക്വാർട്ടറിലേത്തുന്നത്. മൂന്ന് മത്സരങ്ങളിൽ നിന്നും ആറ് പോയിന്‍റാണ് ഇവരുടെ സമ്പാദ്യം.
ഓസ്ട്രിയൻ ആക്രമണം
മത്സരത്തിന്‍റെ തുടക്കം മുതൽ ഓസ്ട്രിയൻ അറ്റാക്കുകളാണ് കണ്ടത്. 21-ാം മിനിറ്റിലാണ് ഓസ്ട്രിയുടെ ഗോൾ പിറക്കുന്നത്. ഡേവിഡ് അലബയുടെ കോർണർ കിക്കില്‍ നിന്ന് ക്രിസ്റ്റോഫ് ബൗംഗാർട്ട്നർ പന്ത് വലയിലെത്തിച്ചു. 32-ാം മിനിറ്റിൽ ബൗംഗാർട്ട്നർ പരിക്കേറ്റ് പുറത്തേക്ക് പോയത് അൽപ സമയത്തേക്ക് ഓസ്ട്രിയയെ കുറച്ചൊന്നു വലച്ചു. പക്ഷെ കളിയിലേക്ക് അവർ തിരിച്ചുവന്നു. 36-ാം മിനിറ്റൽ യുക്രൈന് ഒപ്പമെത്താനുള്ള അവസരം ലഭിച്ചു.
Read Also............പരിക്ക് തിരിച്ചടി ; ഫ്രഞ്ച് താരം ഡെംബെലെ യൂറോ കപ്പില്‍നിന്ന് പുറത്ത്
യുക്രൈന്‍റെ ഒലെക്സാണ്ടർ കാരവയേവിന്‍റെ കിക്ക് ഓസ്ട്രിയൻ ഗോളി ഡാനിയൽ ബാക്ക്മൻ തട്ടിത്തെറിപ്പിക്കുകയായിരുന്നു. 43-ാം മിനിറ്റിൽ വീണ്ടും ഒരു ലീഡിനുള്ള അവസരം ഓസ്ട്രിയക്ക് ലഭിച്ചു. മാർസെൽ സാബിറ്റ്സർ പന്ത് മാർക്കോ അർനണട്ടോവിക്കിന് കൈമാറുമ്പോൾ മുൻപിലുണ്ടായിരുന്നത് ഗോളി മാത്രം. പക്ഷെ അർനണട്ടോവിക്കിന് ലക്ഷ്യം കണ്ടെത്താനായില്ല. ആദ്യ പകുതിയുടെ എക്സ്‌ട്രാ ടൈമിലും ഓസ്ട്രിയക്ക് അവസരം ലഭിച്ചു, പക്ഷെ യുക്രൈൻ ഗോളി ഹിയോർഹി ബൂശ്ചൻ അത് സേവ് ചെയ്തു.
യുക്രൈന്‍ ശ്രമങ്ങളും ഓസ്ട്രിയൻ ആധിപത്യവും
തുടർന്ന് ലീഡ് നേടാനുള്ള നിരവധി അവസരങ്ങൾ ഓസ്ട്രിയക്ക് ലഭിച്ചു. ഗോൾ വഴങ്ങിയതോടെ യുക്രൈൻ രണ്ടാം പകുതിയിൽ മെച്ചപ്പെട്ടു കളിക്കാൻ ശ്രമിച്ചു. പക്ഷെ ഓസ്ട്രിയൻ പ്രതിരോധത്തെ മറികടക്കുകയെന്നത് അവർക്ക് അത്ര എളുപ്പമായിരുന്നില്ല. 61-ാം മിനിറ്റിൽ ഓസ്ട്രിയക്ക് ഒരു വലിയ പിഴവ് സംഭവിക്കേണ്ടതായിരുന്നു, ഒരു സെൽഫ് ഗോൾ. പക്ഷെ ഓസ്ട്രിയൻ ഗോളി അത് സേവ് ചെയ്തു. 87-ാം മിനിറ്റിൽ യുക്രൈന്‍റെ അവസാന ഗോൾ ശ്രമവും പാരാജയപ്പെട്ടു.
ഒരു സമനിലയെങ്കിലും യുക്രൈന് നേടാനായിരുന്നുവെങ്കിൽ രണ്ടാം സ്ഥാനക്കാരാകാമായിരുന്നു. ഓസ്ട്രിയുടെ കോച്ച് ഫ്രാങ്കോ ഫോഡക്കും കുട്ടികൾക്കും ഇനി ഏതിരാളികൾ ഇറ്റലിയാണ്. അതേസമയം യുക്രൈന്‍റെ ആന്ദ്രൈ ഷെവ്ചെങ്കോയ്ക്കും കൂട്ടർക്കും പ്രീക്വാർട്ടറിൽ പ്രവേശിക്കാൻ ഇനിയും കാത്തിരിക്കണം.