ബുക്കാറസ്റ്റ്: യൂറോ കപ്പില്‍ ഓസ്ട്രിയന്‍ താരം മാർകോ അർനോട്ടോവിച്ചിന് വിലക്ക്. നോർത്ത് മാസിഡോണിയക്കെതിരായ മത്സരത്തിലെ മോശം പെരുമാറ്റത്തിനാണ് അടുത്ത ഒരു മത്സരത്തില്‍ നിന്നും അർനോട്ടോവിച്ചിനെ വിലക്കിയത്. ഇതോടെ വ്യാഴാഴ്ച നെതർലാന്‍ഡ്‌സിനെതിരായ മത്സരം 32കാരനായ താരത്തിന് നഷ്ടമാവും.
മത്സരത്തില്‍ 89ാം മിനുട്ടില്‍ ഗോള്‍ കണ്ടെത്തിയതിന് പിന്നാലെ മാസിഡോണിയന്‍ താരങ്ങള്‍ക്കെതിരെ അർനോട്ടോവിച്ച് വംശീയ അധിക്ഷേപം നടത്തിയതായിയാണ് സെര്‍ബിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അർനോട്ടോവിച്ചിന്‍റെ മോശം പെരുമാറ്റത്തില്‍ ഫുട്ബോള്‍ ഫെഡറേഷന്‍ ഓഫ് മാസിഡോണിയ യുവേഫയ്ക്ക് പരാതി നല്‍കിയിരുന്നു.
also read: പ്രതിഫലത്തര്‍ക്കം പരിഹരിച്ചു: ബ്ലാസ്റ്റേഴ്‌സിന്‍റെ ട്രാൻസ്‌ഫർ വിലക്ക് ഉടന്‍ നീങ്ങും
ഇതിന്‍റെ അടിസ്ഥാനത്തില്‍ യുവേഫയുടെ എത്തിക്സ് ആൻഡ് ഡിസിപ്ലിനറി ഇൻസ്പെക്ടര്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് അർനോട്ടോവിച്ചിനെതിരായ നടപടി. സംഭവവുമായി ബന്ധപ്പെട്ട് താരം ക്ഷമാപണം നടത്തിയെങ്കിലും വംശീയ അധിക്ഷേപം നടത്തിയെന്ന ആരോപണം നിഷേധിച്ചിരുന്നു.
മത്സരത്തില്‍ 3-1 ഓസ്ട്രിയ അരങ്ങേറ്റക്കാരായ നോർത്ത് മാസിഡോണിയയെ തോല്‍പ്പിച്ചിരുന്നു. ഓസ്ട്രിയയ്ക്കായി സ്റ്റെഫാൻ ലെയ്‌നർ (18), മൈക്കൽ ഗ്രിഗോറിച്ച് (78), മാർകോ അർനോട്ടോവിച്ച് (89) എന്നിവരാണ് ഗോളുകൾ നേടിയത്. മാസിഡോണിയയ്ക്കായി ഗൊരാൻ പാൻഡെവ് (28) ഗോള്‍ കണ്ടെത്തി.