ആരാധകർക്ക് ആവേശം പകർന്ന് വീണ്ടുമൊരു അർജന്‍റീന - ചിലി പോരാട്ടത്തിന് അരങ്ങൊരുങ്ങുന്നു. സെപ്റ്റംബറില്‍ അമേരിക്കയിലെ ലോസ് ആഞ്ചല്‍സിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദപോരാട്ടം നടക്കുന്നത്.
2015, 2016 വർഷങ്ങളിലെ കോപ്പ അമേരിക്ക ഫൈനലിലുകളില്‍ അർജന്‍റീനയെ ചിലി പരാജയപ്പെടുത്തിയരുന്നു. സൂപ്പർ താരം ലയണല്‍ മെസിയുടെ താത്കാലിക വിരമിക്കലിനും കാരണമായത് ചിലിയായിരുന്നു. അമേരിക്കയിലെ സെന്‍റിനാരിയോയിലാണ് 2016ലെ കോപ്പ അമേരിക്ക ഫൈനല്‍ അരങ്ങേറിയത്. അന്ന് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ അർജന്‍റീനയെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് തകർത്ത് ചിലി കിരീടം നേടുകയായിരുന്നു. പിന്നീട് 2017ലെ ലോകകപ്പ് യോഗ്യത മത്സരത്തിലാണ് ഇരുവരും അവസാനമായി ഏറ്റുമുട്ടിയത്. അന്ന് ജയം അർജന്‍റീനക്കൊപ്പമായിരുന്നു.
2019 കോപ്പ അമേരിക്കയില്‍ അർജന്‍റീനയും ചിലിയും ക്വാർട്ടറില്‍ പ്രവേശിച്ചിട്ടുണ്ട്. അർജന്‍റീന വെനസ്വേലയേയും ചിലി കൊളംബിയയേയുമാണ് നേരിടുന്നത്. ക്വാർട്ടറും സെമിയും കടന്ന് വീണ്ടുമൊരു കോപ്പ കലാശപ്പോരില്‍ ഇരുവരും നേർക്കുന്നേർ വരുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.