ബ്യൂണസ് അയേഴ്സ് : ഈവര്‍ഷം നടക്കാനുള്ള കോപ്പ അമേരിക്കയ്ക്ക് പൂര്‍ണമായും ആതിഥേയത്വം വഹിക്കാൻ തയ്യാറെന്ന് അർജന്‍റീന പ്രസിഡന്‍റ് ആൽബർട്ടോ ഫെർണാണ്ടസ്. സഹ-ആതിഥേയരായ കൊളംബിയയില്‍ ഏപ്രിൽ അവസാനം മുതൽ ആരംഭിച്ച ആഭ്യന്തര സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തിലാണ് അര്‍ജന്‍റീനയുടെ വാഗ്ദാനം.
“അവിടെ പ്രശ്നങ്ങളുണ്ടെങ്കില്‍, ആതിഥേയത്വം വഹിക്കാന്‍ ഞങ്ങൾ തയ്യാറാണ്, പക്ഷേ പ്രോട്ടോക്കോളുകൾ വളരെ കർശനമായിരിക്കേണ്ടതുണ്ട്, ഇക്കാര്യത്തില്‍ കൊളംബിയയ്ക്ക് സമ്മതമാണെങ്കില്‍ കൂടുതല്‍ പഠിക്കാന്‍ ഞങ്ങള്‍ ഒരുക്കമാണ്” ആൽബർട്ടോ ഫെർണാണ്ടസ് പറഞ്ഞു.
also read: വിദേശ ടീമുകള്‍ക്ക് അസ്വസ്ഥത ; ടി20 ലോകകപ്പ് ഇന്ത്യയില്‍ നിന്നും മാറ്റണമെന്ന് മൈക്ക് ഹസി
അതേസമയം ജൂലൈ 10ന് ബാരൻക്വില്ലയിൽ നടക്കുന്ന ഫൈനൽ ഉൾപ്പെടെ 15 മത്സരങ്ങളാണ് കൊളംബിയയില്‍ നടത്താന്‍ സൗത്ത് അമേരിക്കൻ ഫുട്ബോൾ കോൺഫെഡറേഷൻ നിശ്ചയിച്ചിരുന്നത്. ബാക്കി 13 മത്സരങ്ങൾ അർജന്‍റീനയില്‍ നടത്താനും തീരുമാനമായിരുന്നു.
എന്നാല്‍ കൊളംബിയയിലെ ആഭ്യന്തര സംഘര്‍ഷത്തില്‍ ഇതേവരെ 15 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. കോപ്പ അമേരിക്കയുടെ 105 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് രണ്ട് രാജ്യങ്ങളിലായി ടൂര്‍ണമെന്‍റ് നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ കൊളംബിയ പ്രതികരിച്ചിട്ടില്ല. ജൂൺ 13ന് ബ്യൂണസ് അയേഴ്സിലാണ് മത്സരങ്ങള്‍ ആരംഭിക്കുക.