മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗിലെ താരങ്ങൾക്ക് നേരെ അച്ചടക്ക നടപടിയുമായി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ. എഫ്‌സി ഗോവ താരങ്ങളായ സെമിൻലെൻ ഡങ്കൽ, ഹ്യൂഗോ ബോമസ്, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി താരം കയ് ഹീറിങ്ങ്‌സ് എന്നിവരാണ് അച്ചടക്ക നടപടി നേരിട്ടത്. താരങ്ങളെ എഐഎഫ്എഫ് സസ്‌പെൻഡ് ചെയ്തു. ഈ മാസം ഒന്നാം തിയതി ഗുവാഹത്തിയിൽ നടന്ന നോർത്ത് ഈസ്റ്റ് യുണൈറ്റഡ്-എഫ്‌സി ഗോവ മത്സരത്തിനിടെ താരങ്ങൾ ഏറ്റുമുട്ടിയിരുന്നു. ഇതിന്‍റ പശ്ചാത്തലത്തിലാണ് നടപടി.
ഡങ്കലിനെ മൂന്ന് മത്സരങ്ങളില്‍ സസ്പെന്‍റ് ചെയ്തു. ബോമസിനെയും കയ്ക്കിനെയും രണ്ട് മത്സരങ്ങളിലും സസ്‌പെന്‍റ് ചെയ്തു. നോർത്ത് ഈസ്റ്റിനെതിരായ മത്സരത്തിൽ റെഡ് കാർഡ് വഴങ്ങിയതാണ് ഡങ്കലിന് ഒരു മത്സരം അധികമായി ലഭിക്കാൻ കാരണം. ജംഷദ്‌പൂരിനും കേരള ബ്ലാസ്റ്റേഴ്‌സിനും എതിരെ ഗോവയുടെ അടുത്ത രണ്ട് മത്സരങ്ങളിലും താരത്തിന് പുറത്തിരിക്കേണ്ടി വരും. നേരത്തെ മുംബൈക്കെതിരായ മത്സരവും താരത്തിന് നഷ്ടമായിരുന്നു.
ഗോവന്‍ താരം ബോമസിനും അടുത്ത രണ്ട് മത്സരങ്ങളും നഷ്ടമാകും. ഹൈദരാബാദിനെതിരെ അടുത്ത മാസം എട്ടിന് നടക്കുന്ന മത്സരത്തിൽ മാത്രമേ ഇരുവർക്കും ഇനി കളിക്കാനാകൂ. മുംബൈ സിറ്റിക്കും ജംഷദ്‌പൂരിനും എതിരായ മത്സരങ്ങൾ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് താരം കയ് ഹീറിങ്ങ്സിന് നഷ്ടമാകും. ഡച്ച് താരത്തിന്‍റെ അഭാവം നോർത്ത് ഈസ്റ്റിന്‍റെ പ്രതിരോധത്തില്‍ വിള്ളലുണ്ടാക്കും. എടികെക്കെതരേ അടുത്ത മാസം ഏഴിന് നടക്കുന്ന മത്സരത്തിലാകും കയ് ടീമല്‍ തിരിച്ചെത്തുക.