ഇന്ത്യൻ ഫുട്ബോളിന് പുതിയ ടെക്നിക്കൽ ഡയറക്ടറെ നിയമിച്ച് എഐഎഫ്എഫ്. റൊമാനിയന്‍ പരിശീലകനായ ഡോറു ഐസാക്കിനെയാണ് ഇന്ത്യന്‍ ഫുട്ബോളിന്‍റെ ടെക്നിക്കല്‍ ഡയറക്ടറായി നിയമിച്ചത്. നിലവിലെ ടെക്നിക്കൽ ഡയറക്ടറായ സാവിയോ മെദീരയില്‍ നിന്ന് ചുമതല ഐസാക്ക് ഏറ്റെടുക്കും.
ലോക ഫുട്ബോളില്‍ പല മേഖലകളിലും പ്രവര്‍ത്തിച്ച് പരിചയമുള്ള വ്യക്തിത്വമാണ് ഐസാകിന്‍റേത്. ജാപ്പനീസ് ക്ലബ്ബായ യൊകോഹോമോ മറിനോസിന്‍റെ സ്പോര്‍ട്സ് ഡയറക്ടറായാണ് ഡോറു ഐസാക്ക് അവസാനമായി പ്രവർത്തിച്ചത്. അമേരിക്കന്‍ ക്ലബ്ബ് ഹൗസ്റ്റണ്‍ ഡൈനാമോസ്, ഖത്തര്‍ ക്ലബ്ബ് അല്‍ സാദ്, സൗദി ക്ലബ്ബ് അല്‍ ഹാല്‍ തുടങ്ങിയ ക്ലബുകള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച് പരിചയമുള്ളയാളാണ് ഇദ്ദേഹം. ഖത്തറിന്‍റെ മുന്‍ ഒളിമ്പിക് ടീമിന്‍റെയും റൊമാനിയ അണ്ടര്‍ 19 ടീമിന്‍റെയും പരിശീലകനായും ഡോറു പ്രവര്‍ത്തിച്ചിട്ടുണ്ട്. പുതിയ ഇന്ത്യന്‍ പരിശീലകനെ നിയമിക്കുന്നത് മുതല്‍ ഇനി അങ്ങോട്ടുള്ള എല്ലാ വലിയ തീരുമാനങ്ങളിലും ഡോറു ഐസാകിനും വലിയ പങ്കുണ്ടാകും.